മുംബൈ-കന്യാകുമാരി ദേശീയപാത 66 നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെ സുപ്രധാന തീരുമാനവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്ഗരി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഉദ്ഘാടനങ്ങളില്ലാതെ അതത് സ്ഥലങ്ങളിലെ റോഡുകള്‍ പൊതുജനത്തിന് തുറന്ന് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നൂറു കിലോമീറ്ററോളം പുതിയ ദേശീയ പാതയിലൂടെ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാം.
കാസര്‍കോട് ജില്ലയിലെ ദേശീയപാത നിര്‍മാണം പകുതിയിലേറെ പൂര്‍ത്തിയായ സ്ഥലങ്ങളും ഇന്നു മുതല്‍ തുറന്ന് നല്‍കും. ഒന്നാം റീച്ചായ തലപ്പാടി ചെര്‍ക്കളയില്‍ 62 ശതമാനവും രണ്ടാം റീച്ചായ ചെര്‍ക്കളം നീലേശ്വരം പാതയില്‍ 52 ശതമാനവും പണി പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
പണി പൂര്‍ത്തിയായ റോഡുകളെല്ലാം ഗതാഗതത്തിന് തുറന്നു കൊടുത്തു. കുമ്പള വലിയ പാലം ദേശീയപാത അതോറിറ്റിയുടെ അനുമതി കിട്ടിയാല്‍ തുറന്നു കൊടുക്കും. ഇതിലൂടെയുള്ള ഗതാഗത പരിശോധന പൂര്‍ത്തിയായി. ഉപ്പള പാലം തുറന്നു കൊടുക്കുന്നതിന്റെ മുന്നോടിയായുള്ള പരിശോധന നടക്കാനുണ്ട്. പരിശോധന കഴിയാന്‍ കാത്തിരിക്കുന്നു. ചെറിയ പാലം എരിയാല്‍ ഒഴികെ പണി കഴിഞ്ഞ എല്ലാ പാലങ്ങളും തുറന്നു കൊടുത്തു. അടിപ്പാതകളില്‍ മഞ്ചേശ്വരം, ആരിക്കാടി, മൊഗ്രാല്‍, ചൗക്കി, സിവില്‍സ്റ്റേഷന്‍ ജംങ്ഷന്‍ ബിസി റോഡ്, സന്തോഷ് നഗര്‍, നാലാം മൈല്‍ എന്നിവിടങ്ങളില്‍ തുറന്നു കൊടുത്തു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി കരാര്‍ എടുത്ത തലപ്പാടിചെര്‍ക്കള റീച്ചില്‍ 39 കിലോമീറ്റര്‍ പാത വികസനത്തിന് 1749 കോടി രൂപയാണ് കരാര്‍ തുക. അതില്‍ 1000 കോടിയോളം രൂപയുടെ പണി തീര്‍ന്നു. പ്രധാന പാത 20 കിലോമീറ്റര്‍, ഇരുവശങ്ങളിലായി സര്‍വീസ് റോഡ് 50 കിലോമീറ്റര്‍, വലിയ പാലങ്ങളായ ഉപ്പള, കുമ്പള എന്നിവ 100 ശതമാനം, ഷിറിയ പാലം 80 ശതമാനം, മൊഗ്രാല്‍ 75 ശതമാനം, ചെറിയ പാലങ്ങളായ മഞ്ചേശ്വരം 100 ശതമാനം, പൊസോട്ട് 75 ശതമാനം, കുക്കാര്‍ 50 ശതമാനം, എരിയാല്‍ 75 ശതമാനം എന്നിങ്ങനെ പൂര്‍ത്തിയായി.
കാസര്‍കോട് നഗരത്തിലെ മേല്‍പാലത്തിന്റെ തൂണുകളുടെ നിര്‍മാണം മുഴുവനും പൂര്‍ത്തിയായി. 30 സ്പാനുകളില്‍ 10 എണ്ണം കോണ്‍ക്രീറ്റ് കഴിഞ്ഞു. 12 എണ്ണം പുരോഗതിയിലാണ്. ഉപ്പള മേല്‍പാലം ഒരു ഭാഗം പില്ലര്‍ പണി കഴിഞ്ഞു. ഗര്‍ഡര്‍ കാസ്റ്റിങ് നടക്കുന്നുണ്ട്.
ഹൊസങ്കടി മേല്‍പാതയും ഗതാഗതത്തിനു തുറന്നു കൊടുത്തു. ബന്തിയോട് മേല്‍പാത, കുമ്പള അടിപ്പാത എന്നിങ്ങനെ വലിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള നിര്‍മാണം നടന്നു വരുന്നു. അണങ്കൂര്‍,വിദ്യാനഗര്‍, ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ ഉപ്പള കൈക്കമ്പ, നായന്മാര്‍മൂല എന്നിവിടങ്ങളില്‍ അടിപ്പാത നിര്‍മാണം നടക്കാനുണ്ട്. കാസര്‍കോട് അടുക്കത്ത് ബയല്‍ അടിപ്പാത നിര്‍മാണം ഒരു ഭാഗം പൂര്‍ത്തിയായി. ജലഅതോറിറ്റി പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കല്‍ 80 ശതമാനവും കെഎസ്ഇബി ലൈന്‍ മാറ്റി സ്ഥാപിക്കല്‍ 90 ശതമാനവും പൂര്‍ത്തിയായി. തലപ്പാടി മുതല്‍ പൊസോട്ട് വരെ വഴിവിളക്കുകള്‍ സ്ഥാപിച്ചു. ചാര്‍ജ് ചെയ്തിട്ടില്ല.
Read more
ചെങ്കള മുതല്‍ നീലേശ്വരം വരെയുള്ള രണ്ടാം റീച്ചില്‍ ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് നിര്‍മാണം നടത്തുന്നത്. 37.2 കി.മീ വരുന്ന ആറുവരിപ്പാതയില്‍ 52 ശതമാനം നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായി. 15.17 കിമീ റോഡ് ഡിബിഎം (ഡെന്‍സ് ബിറ്റുമിനസ് മെക്കാഡം) ടാറിങ് പൂര്‍ത്തിയായി.1,709 കോടി രൂപയാണ് കരാര്‍ തുക. ഈ ഭാഗത്ത് ഇരുവശങ്ങളിലായി 29 കിലോമീറ്റര്‍ സര്‍വീസ് റോഡും പൂര്‍ത്തിയായിട്ടുണ്ട്.