മാധ്യമ വിചാരണ വേണ്ട; മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം; നിയന്ത്രിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും അതിനാല്‍ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാര്‍ത്ത നല്‍കുന്നത് ഒഴിവാക്കണം.

വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ മാധ്യമങ്ങളില്‍ നിന്നുണ്ടായാല്‍ കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയും നിയമങ്ങളും ഉറപ്പ് നല്‍കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ മാധ്യമങ്ങളില്‍നിന്ന് ഉണ്ടായാല്‍ കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത്, സി എസ് സുധ, മുഹമ്മദ് നിയാസ്, വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് വിധി.

ഭരണഘടനയുടെ 19 (1) എ അനുഛേദം വഴി മാധ്യമങ്ങള്‍ക്ക് കൈവരുന്ന അഭിപ്രായസ്വാതന്ത്ര്യവും മറ്റുള്ളവര്‍ക്കുള്ള അവകാശങ്ങളും ഇരുകൂട്ടരുടെയും കടമകളും പരസ്പരപൂരകങ്ങളാണ്. വിചാരണ നടക്കുന്ന കേസുകളില്‍ മാധ്യമങ്ങള്‍ തീര്‍പ്പുകല്‍പ്പിച്ചാല്‍ ഭരണഘടനാപരമായി മാധ്യമസ്വാതന്ത്ര്യത്തിന് നല്‍കുന്ന പരിരക്ഷ ലഭിക്കില്ല. ജനങ്ങളെ സത്യം അറിയിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുമ്പോള്‍ത്തന്നെ സുതാര്യമായ വിചാരണയ്ക്കുള്ള അവകാശം കുറ്റാരോപിതനുമുണ്ട്.

Read more

മുഖ്യവിധിന്യായത്തോട് യോജിച്ച് ജസ്റ്റിസുമാരായ കൗസര്‍ എടപ്പഗത്ത്, മുഹമ്മദ് നിയാസ്, വി എം ശ്യാംകുമാര്‍ എന്നിവര്‍ പ്രത്യേക വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചു. ജസ്റ്റിസ് സി എസ് സുധയും വിധിന്യായത്തോട് യോജിച്ചു.