വിഴിഞ്ഞം സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് കരുതുന്നില്ല: മന്ത്രി ആന്റണി രാജു

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്റണി രാജു. സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് മറ്റ് മന്ത്രിമാര്‍ ആരോപിക്കുമ്പോഴാണ് സ്ഥലം തലസ്ഥാനത്തെ എം.എല്‍.എ കൂടിയായ ആന്റണി രാജു വ്യത്യസ്ത നിലപാട് എടുത്തത്.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന തരത്തിലൊരു വിവരം തനിക്ക് ലഭിച്ചിട്ടില്ല. മന്ത്രി അബ്ദുറഹിമാനെതിരായ പ്രസ്താവന വൈദികന്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്യുന്നു. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളില്‍ പ്രതികളായ 1000 ത്തോളം പേരെ തിരിച്ചറിഞ്ഞു. വിലാസം ഉള്‍പ്പെടെ പട്ടിക തയ്യാറാക്കി. സ്ത്രീകള്‍ ഉള്‍പ്പെടെയാണ് തിരിച്ചറിഞ്ഞത്. 168 കേസുകളാണ് ഇതേ വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read more

ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്. ഡിസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ക്രൈം കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘവുമുണ്ട്. തിരിച്ചറിയാന്‍ പറ്റുന്ന പ്രതികളുടെ പട്ടിക വിലാസം ഉള്‍പ്പെടെ ഈ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഒരു വ്യക്തി തന്നെ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.