കെ.ടി.യു വി.സി നിയമനത്തിന് സ്‌റ്റേ ഇല്ല; സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി

സാങ്കേതിക സര്‍വകലാശാല വി.സി നിയമനം സ്റ്റേ ചെയ്യാതെ ഹൈക്കോടതി. ഇടക്കാല ഇത്തരവ് വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കാര്യം വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ഹര്‍ജിയില്‍ യുജിസിയെ കൂടി കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. വി.സിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

സര്‍വകലാശാല നിയമത്തിന് വിരുദ്ധമായാണ് ഗവര്‍ണര്‍ വി.സിയെ നിയമിച്ചതെന്നും നിയമനം റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വി.സിയെ നിയമിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കോടതി വിളിച്ചുവരുത്തണമെന്നും ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കും വരെ മറ്റൊരു വി.സിക്ക് താല്‍ക്കാലിക ചുമതല നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സാങ്കേതിക സര്‍വകലാശാല വി.സിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് ഡോ. സിസ തോമസിന് വി.സിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കെടിയു വി.സിയുടെ ചുമതല നല്‍കിയത്.

വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോക്ടര്‍ എം.എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടര്‍ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പി എസ് ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി.