പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്

പാലക്കാട് പന്നിയങ്കരയില്‍ നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കരാര്‍ കമ്പനി. സൗജന്യ യാത്രകള്‍ അവസാനിപ്പിച്ചതായി കമ്പനി അറിയിച്ചതിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. രാവിലെ 6ന് തുടങ്ങിയ പ്രതിഷേധം ശക്തമായതോടെ ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെടുകയായിരുന്നു.

ഇതിന് പിന്നാലെയാണ് നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള തീരുമാനം കരാര്‍ കമ്പനി പിന്‍വലിച്ചത്. നേരത്തെ ഏഴര കിലോമീറ്റര്‍ വരെയുള്ളവര്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്നായിരുന്നു കമ്പനിയുടെ നിലപാട്. എന്നാല്‍ ദേശീയപാത നിര്‍മ്മാണത്തിനായി സ്ഥലംവിട്ടു നല്‍കിയ പ്രദേശവാസികളായ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് ടോള്‍ പ്ലാസയിലൂടെ സൗജന്യ യാത്ര വേണമെന്ന ആവശ്യത്തില്‍ നിന്ന് സമരസമിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും പിന്നോട്ട് പോയില്ല.

ഇതേ തുടര്‍ന്നാണ് സൗജന്യ യാത്രകള്‍ നിറുത്തലാക്കിയതായി കമ്പനി അറിയിച്ചത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് എഡിഎം , തഹസില്‍ദാര്‍ എന്നിവരുടെ സ്ഥാനത്ത് പി പി സുമോദ് എംഎല്‍എ കരാര്‍ കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.