സിവില്‍ കേസ് ക്രിമിനല്‍ കുറ്റമായി രജിസ്റ്റര്‍ ചെയ്ത യുപി പൊലീസിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രീംകോടതി. ദേബു സിങ്, ദീപക് സിങ് എന്നിവര്‍ പ്രതികളായ കേസിലാണ് വിമര്‍ശനം. ക്രിമിനല്‍ വിശ്വാസലംഘനം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരുന്നത്. യുപിയില്‍ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്നും സിവില്‍ കേസ് ക്രിമിനല്‍ കേസാക്കി മാറ്റുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.
യു.പിയില്‍ അരങ്ങേറുന്നത് തെറ്റാണ്. ഓരോ നാള്‍ കഴിയുന്തോറും സിവില്‍ വിഷയങ്ങള്‍ ക്രിമിനല്‍ ആയി മാറ്റപ്പെടുകയാണ്. ഇത് നിയമഭരണത്തിന്റെ തകര്‍ച്ചയാണ്, കേസില്‍ വാദംകേട്ട മൂന്നംഗ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കുറ്റപത്രത്തിലെ ഓരോ കോളത്തിലും പൂര്‍ണവും കൃത്യവുമായ വിവരങ്ങള്‍ ഉണ്ടാകണമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാറും ശരീഫ് അഹ്‌മദും തമ്മിലെ കേസില്‍ വ്യക്തമാക്കിയതാണെന്നും കോടതി അറിയിച്ചു.
‘ഇതൊക്കെ തെറ്റാണ്. യുപിയില്‍ എന്തൊക്കെയാണീ നടക്കുന്നത്. ദിവസേനയെന്നോണം സിവില്‍ തര്‍ക്കങ്ങളെ ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നു. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതൊക്കെ എങ്ങനെയാണ് ക്രിമിനല്‍ കേസാക്കുന്നത്, ചീഫ് ജസ്റ്റിസ് ചോദിച്ചു.
‘സിവില്‍ കേസുകളില്‍ കാലതാമസം നേരിടും എന്നുപറഞ്ഞ് നിങ്ങള്‍ തന്നെ അത് ക്രിമിനല്‍ കേസാക്കി മാറ്റുകയാണോ, എന്താണിതിന്റെയൊക്കെ അടിസ്ഥാനം? ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാകണം. സാക്ഷിക്കൂട്ടില്‍ കയറി അദ്ദേഹം പറയണം എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് ക്രിമിനല്‍ കേസാക്കി എഫ്ഐആര്‍ എഴുതിയതെന്ന്. ഇങ്ങനെയല്ല ഒരു കേസിന്റെ ചാര്‍ജ് ഷീറ്റ് എഴുതേണ്ടത്, ആ പാഠം പഠിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഇത് ഒരവസരമാവട്ടെ കോടതി പറഞ്ഞു.
ഉത്തര്‍പ്രദേശ് ഡിജിപിയോടും, കേസ് രജിസ്റ്റര്‍ ചെയ്ത ഗൗതം ബുദ്ധ നഗര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയോടും ഇതുസംബന്ധിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടു. ദെബു സിങ്, ദീപക് സിങ് എന്നിവരാണ് കേസുമായി സുപ്രീംകോടതിയെ സമീപിച്ചത്. വ്യവസായിയായ ദീപക് ബെഹലിന്റെ കൈയില്‍നിന്നും പണം കടംവാങ്ങിയതുമായി ബന്ധപ്പെട്ടതാണ് കേസ്. കേസ് അലഹബാദ് കോടതിയില്‍ എത്തിയപ്പോള്‍ ഇത് ക്രിമിനല്‍ കേസല്ല, സിവില്‍ കേസാണെന്ന് പ്രതിസ്ഥാനത്തുള്ളവര്‍ കോടതിയെ അറിയിച്ചു.
Read more
രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാവശ്യപ്പെട്ട പരമോന്നത കോടതി പ്രതികള്‍ക്കെതിരായ വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യുകയും ചെയ്തു. വ്യവസായ ആവശ്യാര്‍ഥം വായ്പ വാങ്ങിയ 25 ലക്ഷം രൂപ സമയത്ത് തിരിച്ചുനല്‍കിയില്ലെന്നാണ് കേസ്.