ഐപിഎല്ലിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തകർത്തെറിഞ്ഞ് ആർസിബി സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയിരിക്കുന്നു. തുടക്കത്തിൽ നല്ല രീതിയിൽ പ്രചാരം ഏറ്റുവാങ്ങിയെങ്കിലും 45 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയുടെ പ്രകടനമാണ് ബാംഗ്ലൂരിന് കരുത്തായത്. ഇത് കൂടാതെ ആർസിബി പേസർമാരായ ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും അവസാന ഓവറിലേക്ക് വന്നപ്പോൾ തങ്ങളുടെ പരിചയസമ്പത്ത് കാണിച്ചതും ടീമിന് ഗുണം ചെയ്തു. മുംബൈക്കായി തിലക് വർമ്മ (29 പന്തിൽ 56), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 42) എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾക്കിടയിലും മുംബൈക്ക് വിജയവര കടക്കാൻ ആയില്ല. ഇരുവരുടെയും ബാറ്റിംഗ് മത്സരത്തിന്റെ അവസാനം വരെ ബാംഗ്ലൂരിനെ പേടിപ്പിച്ചു എന്നതും ശ്രദ്ധിക്കണം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് ആദ്യ ഓവറിൽ തന്നെ ഫിൽ സാൾട്ടിനെ നഷ്ടമായി. എന്നാൽ സമ്മർദ്ദത്തിൽ അകപ്പെടാതെ വിരാട് കോഹ്‌ലി (67), ദേവ്ദത്ത് പടിക്കൽ (37) എന്നിവരുടെ ബാറ്റിംഗ് മികവ് മുംബൈയെ പ്രതിരോധത്തിലാക്കി. അതിനുശേഷം, രജത് പട്ടീദർ (64), ജിതേഷ് ശർമ്മ (40) എന്നിവരുടെ മികച്ച ബാറ്റിംഗ് പ്രകടനവും കൂടി ചേർന്നതോടെ ആർസിബി 221/5 എന്ന കൂറ്റൻ സ്‌കോറിൽ എത്താൻ കാരണമായി.
എന്തായാലും മത്സരശേഷം മുംബൈയും ആർസിബിയും ഒരു ത്രില്ലർ ചിത്രം സൃഷ്ടിച്ചുവെന്ന് പറഞ്ഞ ആർസിബി ക്യാപ്റ്റൻ രജത് പട്ടീദാർ തനിക്ക് കിട്ടിയ മാൻ ഓഫ് ദി മാച്ച് അവാർഡ് യഥാർത്ഥത്തിൽ അർഹിച്ചത് തന്റെ ബോളർമാർ ആണെന്ന് പറഞ്ഞിരിക്കുകയാണ്. “ശരിക്കും അത്ഭുതകരമായ ഒരു മത്സരമായിരുന്നു. ബൗളർമാർ കാണിച്ച ധൈര്യം അതിശയിപ്പിക്കുന്നതായിരുന്നു. സത്യം പറഞ്ഞാൽ, ഈ അവാർഡ് ബൗളിംഗ് യൂണിറ്റിനാണ്. കാരണം ഈ ഗ്രൗണ്ടിൽ ഒരു ബാറ്റിംഗ് യൂണിറ്റിനെ തടയുക എളുപ്പമല്ല, അതിനാൽ അതിന്റെ ക്രെഡിറ്റ് അവർക്കാണ്. ഫാസ്റ്റ് ബൗളർമാർ അവരുടെ പദ്ധതികൾ നടപ്പിലാക്കിയ രീതി മികച്ചതായിരുന്നു.”
ഇരുപതാം ഓവർ ക്രുനാൽ പാണ്ഡ്യയ്ക്ക് നൽകുന്നതിനെക്കുറിച്ച് രജത് പട്ടീദർ സംസാരിച്ചു, അങ്ങനെ ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ക്രുനാൽ എറിഞ്ഞ രീതി അതിശയകരമായിരുന്നു. അവസാന ഓവറിൽ, അത് എളുപ്പമായിരുന്നില്ല, അദ്ദേഹം പന്തെറിഞ്ഞ രീതിയും അദ്ദേഹം കാണിച്ച ധൈര്യവും അത്ഭുതകരമാണെന്ന് ഞാൻ കരുതുന്നു,” രജത് പട്ടീദർ പറഞ്ഞു.
“ആ സമയത്ത്, കളിയെ കൂടുതൽ ആഴത്തിൽ എടുക്കണമെന്ന് വ്യക്തമായിരുന്നു. അതിനാൽ, കളിയെ കൂടുതൽ ആഴത്തിൽ എടുത്ത് അവസാന ഓവർ കെപിയുടെ ഒരു ഓവർ ഉപയോഗിക്കുക എന്നതായിരുന്നു ചർച്ച. വിക്കറ്റ് മികച്ചതായിരുന്നു, പന്ത് ബാറ്റിലേക്ക് നന്നായി വന്നുകൊണ്ടിരുന്നു. ഹാർദിക് പാണ്ഡ്യ പുറത്തായ ശേഷം ഞാൻ തന്ത്രം മാറ്റി.” നായകൻ പറഞ്ഞു.
എന്തായാലും രജത് എന്ന മിടുക്കനായ നായകൻ ഇപ്പോൾ കൈയടികൾ നേടുകയാണ്.