പ്രവാസികള്‍ തത്കാലത്തേക്ക് കേരളത്തില്‍ നിക്ഷേപിക്കരുത്; കൈയിലുള്ള പണം ബാങ്കിലിട്ടോ; സംസ്ഥാനം ബിസിനസ് സൗഹൃദമായിട്ടില്ലെന്ന് ഗണേഷ് കുമാര്‍

പ്രവാസികള്‍ തത്കാലത്തേക്ക് കേരളത്തില്‍ വ്യവസായമോ വ്യാപാരമോ നടത്താന്‍ ഒരുങ്ങരുതെന്ന് പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാര്‍. കേരളത്തില്‍ പണം നിക്ഷേപിക്കുന്നതിനേക്കാള്‍ നല്ലത് ആ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതണെന്നും അദേഹം മുന്നറിയിപ്പ് നല്‍കി. റിയാദില്‍ കൊട്ടാരക്കരയിലെ പ്രവാസികളുടെ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. പ്രവാസികള്‍ ഇപ്പോള്‍ നില്‍ക്കുന്നത് പൊന്‍മുട്ടയിടുന്ന താറാവുള്ള സ്ഥലത്താണെന്നും എന്നാല്‍ നാട്ടിലെത്തിയാല്‍ ചവിട്ടു കിട്ടുന്ന താറാവാകുമെന്നും അദേഹം പറഞ്ഞു.

പ്രവാസ ജീവിതം കൊണ്ട് ഉണ്ടാകുന്ന പണം നാട്ടില്‍ വന്ന് നിക്ഷേപിച്ചാല്‍ എന്താകും എന്ന കാര്യം നിങ്ങളോര്‍ക്കണം. നിങ്ങള്‍ക്കിപ്പോ ഇവിടെ നല്ല ജോല്ലിയുണ്ട്, ബിസിനസുണ്ട്. അപ്പോള്‍ അതാണ് നല്ലത്. കേരളം ബിസിനസ് സൗഹൃദമായിട്ടില്ലെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

നേരത്തെ, എഐ ക്യാമറ വിഷയത്തിലും സര്‍ക്കാരിനെതിരെ ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.
നിയമം നടപ്പിലാക്കുന്നവര്‍ക്ക് കാറ് വാങ്ങാന്‍ പൈസ കാണും. എന്നാല്‍ സാധാരണക്കാര്‍ക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവര്‍ ഓര്‍ക്കണം. എല്ലാവര്‍ക്കും കാറ് വാങ്ങാന്‍ പാങ്ങില്ലെന്നും എംഎല്‍എ പറഞ്ഞു. ഭാര്യക്കും ഭര്‍ത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കില്‍ കൊണ്ടു പോകുന്നതിന് ഫൈന്‍ അടിക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

കുഞ്ഞുങ്ങളെ ട്രോളുകളില്‍ കാണും പോലെ ചാക്കില്‍ കെട്ടി കൊണ്ടുപോകാന്‍ ആകില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നിയമങ്ങള്‍ മനുഷ്യന് വേണ്ടിയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തട്ടെ. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പോകുന്ന സാധാരണക്കാരെ ഉപദ്രവിക്കരുത്. പൊതുഗതാഗതം തകരുകയാണ്.

കേരളത്തിലെ കൂടുതല്‍ ജനങ്ങളും ഇരുചക്രവാഹനം ഉപയോഗിക്കുന്നവരാണെന്നും അവരെ നിരാശപ്പെടുത്തുന്ന ഭരണ പരിഷ്‌കരണങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.