കൊച്ചി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സിംഗ് വിദ്യാർത്ഥിയെ റാഗിങ് ചെയ്‌തെന്ന പരാതിയിൽ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. നാലാം വർഷ വിദ്യാർത്ഥി സുജിത് കുമാർ മൂന്നാം വർഷ വിദ്യാർത്ഥി ഗോവിന്ദ് നായർ എന്നിവരാണ് അറസ്റ്റിലായത്. ചേരാനല്ലൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി വിദ്യാർത്ഥി റാഗിംഗിന് ഇരയായെന്ന് പരാതിയിൽ പറയുന്നു.
പരാതി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. വിദ്യാർത്ഥിയുടെ ശരീരത്തിൽ ഹാങ്ങർ കൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്തു. തന്റെ മകനെ മാത്രമല്ല മറ്റ് വിദ്യാർത്ഥികളെയും സീനിയേഴ്സ് മർദിച്ചിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മകൻ കോളേജിൽ സൈൻ ചെയ്യാൻ ചെന്നപ്പോൾ മറ്റ് വിദ്യാർത്ഥികളാണ് സീനിയേഴ്‌സിന്റെ അടുത്ത് ചെന്നില്ലെങ്കിൽ അതിനുള്ളത് കൂടി ഞങ്ങൾ വാങ്ങേണ്ടി വരുമെന്ന് മകനോട് പറഞ്ഞത്. നാല് മണിയോടെ സൈൻ ചെയ്തിറങ്ങിയ മകൻ പിന്നീട് സീനിയേഴ്‌സിന്റെ അടുത്തെത്തി. റൂമിലെത്തി ഉടൻ മകന്റെ കരണത്ത് സീനിയേഴ്സ് മൂന്ന് വട്ടം അടിച്ചു.
വീട്ടിൽ പോകണം എന്ന് പറഞ്ഞ മകനെ കൈ മുകളിലേക്ക് തിരിച്ച് പിടിച്ച് പാന്റ് ഉരിയുകയും ഹാങ്ങർ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. അഞ്ച് മണി തൊട്ട് 7 മണി വരെയാണ് മകന് മർദ്ദനമുണ്ടായത്. അവർ തന്റെ മകനെ അടിക്കുകയും തൊഴിക്കുകയും പുറത്ത് ചവിട്ടുകയും ചെയ്‌തെന്ന് പിതാവ് പറഞ്ഞു.