പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്കു ജര്‍മനിയില്‍ നഴ്‌സിങ് പഠനമൊരുക്കും; പഠനത്തിനു ശേഷം 55 ലക്ഷം രൂപ വാര്‍ഷിക വരുമാനത്തില്‍ ജോലി ലഭിക്കുമെന്ന് മന്ത്രി

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ ജര്‍മനിയില്‍ നഴ്‌സിങ് പഠനത്തിന് അയക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പഠനത്തിനു ശേഷം 55 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനത്തില്‍ ഇവര്‍ക്കു ജര്‍മനിയില്‍ നഴ്‌സായി ജോലി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജര്‍മനയില്‍ ബി.എസ്.സി നഴ്‌സിങ് പഠിക്കാന്‍ കഴിഞ്ഞാല്‍ അവിടെത്തന്നെ ഉയര്‍ന്ന ശമ്പളത്തില്‍ നഴ്‌സായി ജോലി ചെയ്യാന്‍ കഴിയുമെന്നതു മുന്നില്‍ക്കണ്ടാണു പട്ടിക വിഭാഗത്തില്‍പ്പെടുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇതിനുള്ള അവസരമൊരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഏകദേശം 35 ലക്ഷം രൂപയാണു ഫീസ് ഇനത്തില്‍ വേണ്ടിവരുന്നത്. ഈ തുക പലിശയില്ലാതെയോ ചെറിയ പലിശയ്‌ക്കോ വായ്പയായി നല്‍കാന്‍ പട്ടിക ജാതി, പട്ടിക വര്‍ഗ കോര്‍പ്പറേഷന്‍ തയാറായാല്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു ജര്‍മനിയില്‍ നഴ്‌സിങ് പഠനത്തിന് അവസരമൊരുങ്ങും. അവിടുത്തെ ശമ്പളം വച്ചു നോക്കിയാല്‍ ഒരു വര്‍ഷംകൊണ്ടുതന്നെ ഈ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുമെന്നും വിദ്യാര്‍ഥികള്‍ക്കു ശോഭനമായ ജീവിതസാഹചര്യം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പട്ടിക വിഭാഗത്തില്‍പ്പെടുന്ന 425 പേരെ തെരഞ്ഞെടുത്തു വിദേശ സര്‍വകലാശാലകളില്‍ പഠനത്തിന് അയച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം 310 പേര്‍ക്കു കൂടി വിദേശ പഠന സൗകര്യമൊരുക്കുന്നുണ്ട്. ഓരോ വര്‍ഷവും മുന്നൂറിലേറെ വിദ്യാര്‍ഥികള്‍ക്കു വിദേശ പഠനമൊരുക്കുകയാണു ലക്ഷ്യം. ആഗോള റാങ്കിങ്ങില്‍ അഞ്ഞൂറിനുള്ളില്‍ വരുന്ന മികച്ച സര്‍വകലാശാലകളിലേക്കാണ് ഇവരെ പഠനത്തിനായി അയക്കുന്നത്.

വിദേശത്തു പഠിക്കുമ്പോള്‍ വി്ദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമുണ്ടാകുന്ന ആശങ്ക പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒഡെപെകുമായി സഹകരിച്ച് ഉന്നതി സ്‌കോളര്‍ഷിപ് ഫോര്‍ ഓവര്‍സീസ് സ്റ്റഡീസ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഠനത്തിനായി വിദേശത്തേക്കു പോകുന്ന വിദ്യാര്‍ഥി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ത്തന്നെ ഒഡെപെക് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സുരക്ഷിതമായി എത്തിക്കുകയും ചെയ്യും. പഠനകാലയളവില്‍ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ഒഡെപെകിനെ ബന്ധപ്പെടാം. വിദേശ പഠനത്തിന് വിദ്യാര്‍ഥികളെ അയക്കുക മാത്രമല്ല, പഠനകാലയളവിലുടനീളം അവര്‍ക്കു സംരക്ഷണം നല്‍കുകയെന്ന കടമകൂടി സര്‍ക്കാര്‍ നിര്‍വഹിക്കുകയാണ് – മന്ത്രി പറഞ്ഞു. വിദേശ പഠന സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി www.odepc.net/unnathi എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ഓഫിസില്‍ ലഭിക്കും.