കൊല്ലത്ത് മത്സ്യബന്ധന ബോട്ട് അപകടം; ഒരാൾ മരിച്ചു, ഏഴ് പേരെ രക്ഷപ്പെടുത്തി

കൊല്ലത്ത് അഴീക്കലിൽ മത്സ്യബന്ധന ബോട്ട് തിരയിൽപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബോട്ടിന്റെ സ്രാങ്ക് ആയിരുന്ന ശ്രായിക്കാട് സ്വദേശി സുഭാഷ് (ഉണ്ണിക്കണ്ണന്‍-52) ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന 7 പേരെ രക്ഷപ്പെടുത്തി.

ചെറിയ അഴീക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘കീർത്തന’ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽ പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ പുലർച്ചെ 4 മണിയോടെ 8 പേരടങ്ങിയ ബോട്ട് മറിയുകയായിരുന്നു. സുഭാഷിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.