സൂര്യയുടെ അലറലോടലറല്‍.. തലവേദനയോടെ തിയേറ്റര്‍ വിട്ടാല്‍ പ്രേക്ഷകര്‍ വീണ്ടും വരില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി

സൂര്യയുടെ അലറലോടലറല്‍.. എന്നുള്ള ട്രോളുകളാണ് സൂര്യ ചിത്രം ‘കങ്കുവ’യുടെ ഓപ്പണിങ് ഷോയ്ക്ക് തന്നെ ലഭിച്ചത്. സിനിമയില്‍ ആകെ സൂര്യയുടെ അലര്‍ച്ച മാത്രമാണ് ഉള്ളതെന്നും ചിത്രം പൂര്‍ത്തിയാകുമ്പോള്‍ തല വേദനിക്കുമെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങള്‍. സിനിമയുടെ സൗണ്ട് ക്വാളിറ്റുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഓസ്‌കര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. തലവേദനയോടെ തിയറ്റര്‍ വിടുന്ന ഒരു സിനിമ കാണാനും രണ്ടാമത് ആളുകള്‍ തിയറ്ററിലേക്ക് എത്തില്ലെന്ന് റസൂല്‍ പൂക്കുട്ടി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ചിത്രത്തിലെ ശബ്ദബാഹുല്യത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. ”റീ റെക്കോര്‍ഡിങ് മിക്‌സര്‍ ആയ ഒരു സുഹൃത്താണ് ഈ വാര്‍ത്ത എന്റെ ശ്രദ്ധയില്‍പെടുത്തുന്നത്. നമ്മുടെ ജനപ്രിയ സിനിമകളിലെ ശബ്ദത്തെക്കുറിച്ച് ഇത്തരത്തിലൊരു അവലോകനം കാണുമ്പോള്‍ നിരാശയുണ്ട്.”

”ഉച്ചത്തിലുള്ള ഒരു യുദ്ധത്തില്‍ അകപ്പെട്ടിരിക്കുകയാണ് നമ്മുടെ കലാചാതുരിയും വൈദഗ്ധ്യവുമൊക്കെ. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ശബ്ദ ലേഖകനെയോ? അതോ എല്ലാ അരക്ഷിതാവസ്ഥകളും പരിഹരിക്കുന്നതിന് അവസാന നിമിഷം വരുത്തുന്ന എണ്ണമറ്റ മാറ്റങ്ങളെയോ. നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ നിലത്ത് ചവുട്ടിനിന്ന് കാര്യങ്ങള്‍ ഉച്ചത്തിലും വ്യക്തമായും പറയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.”

”തലവേദനയോടെ പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടാല്‍ ഒരു സിനിമയ്ക്കും ആവര്‍ത്തന മൂല്യമുണ്ടാകില്ല” എന്നാണ് റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍. അതേസമയം, മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നതെങ്കിലും ആദ്യ ദിനം ചിത്രം ഗംഭീര കളക്ഷന്‍ നേടിയിട്ടുണ്ട്. 40 കോടി രൂപയാണ് ചിത്രം ആദ്യ ദിനം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more