കുടിശ്ശിക നല്‍കിയില്ലെങ്കില്‍ ഔട്‌ലെറ്റുകള്‍ അടച്ചിടും; സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ

സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ. കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അനുവദിച്ചില്ലെങ്കില്‍ ഔട്‌ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്നാണ് സപ്ലൈകോ നല്‍കുന്ന മുന്നറിയിപ്പ്. 2016 മുതല്‍ 1,600 കോടിയോളം രൂപയാണ് സപ്ലൈകോയ്ക്ക് കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത്. 800 കോടിയിലധികം കുടിശ്ശികയായതോടെ ടെന്‍ഡറില്‍ പങ്കെടുക്കാനും കരാറുകാരില്ല.

ക്രിസ്തുമസ് പുതുവത്സര വിപണിയിലുള്‍പ്പെടെ കടുത്ത പ്രതിസന്ധി നേരിട്ടതോടെ ഇത്തരത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് സപ്ലൈകോ. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി 500 കോടിയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്.

അതേസമയം അവശ്യ വസ്തുക്കളുടെ വിലവര്‍ദ്ധന പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ റിപ്പോര്‍ട്ട് വേേന്നക്കും. വിപണിയിലെ വില വ്യത്യാസത്തിന് അനുസൃതമായി സബ്‌സിഡി പുനക്രമീകരിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.