പാലാ ഉപതിരഞ്ഞെടുപ്പ്; ഇരുവിഭാഗവും സമവായത്തിലേക്ക്, സമാന്തര പ്രചാരണത്തിൽ നിന്ന് പിന്മാറി ജോസഫ് പക്ഷം

ഇണങ്ങിയും പിണങ്ങിയും പാലാപ്പോരിനിടെ കേരളാ കോൺഗ്രസിലെ ജോസ് കെ മാണി – പി ജെ ജോസഫ് പക്ഷങ്ങൾ തത്കാലം സമവായത്തിലേക്ക് അടുക്കുകയാണ്. സമാന്തര പ്രചാരണത്തിൽ നിന്ന് പിന്മാറാമെന്ന് ജോസഫ് പക്ഷം കോട്ടയം ഡിസിസിയിൽ യുഡിഎഫ് നടത്തിയ സമവായയോഗത്തിൽ തത്കാലം ധാരണയായിട്ടുണ്ട്. പ്രചാരണത്തിനിറങ്ങാമെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഒന്നിച്ച് പ്രവർത്തിക്കുന്നതിന് ചില ഉപാധികൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് സൂചന.

പ്രചാരണത്തിനിടെ കൂവലുയർന്നത് അടക്കമുള്ള കാര്യങ്ങൾ പി ജെ ജോസഫ് പക്ഷം യോഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജോസഫിനെതിരെ “പ്രതിച്ഛായ”യിൽ ലേഖനം വന്നതും കടുത്ത വിമർശനമായി തന്നെ ജോസഫ് പക്ഷം ഉയർത്തി. ഇതൊന്നും ആവർത്തിക്കില്ലെന്ന ഉറപ്പ് തത്കാലം യുഡിഎഫ് ജോസഫിന് നൽകിയിട്ടുണ്ട്.

പാലായിൽ ഒന്നിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് യുഡിഎഫ് നേതാക്കൾ ഉറപ്പു നൽകിയതു കൊണ്ടാണ് ഇപ്പോൾ തത്കാലം “വെടിനിർത്തൽ” പ്രഖ്യാപിക്കുന്നതെന്ന സൂചനയാണ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പി ജെ ജോസഫ് നൽകിയത്. “സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് നേതാക്കൾ പോകേണ്ടതില്ലല്ലോ” എന്നാണ് പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് മറുപടിയായി പി ജെ ജോസഫ് ആദ്യം പറഞ്ഞത്. അതായത് സമാന്തരപ്രചാരണങ്ങളില്ലെന്ന ഉറപ്പേ ഇതുവരെ ജോസഫ് യുഡിഎഫിന് നൽകിയിട്ടുള്ളൂ. പ്രചാരണത്തിനിറങ്ങുമെന്ന് ഇപ്പോഴും ഉറപ്പില്ലെന്ന വ്യാഖ്യാനം വന്നതോടെ, പ്രചാരണത്തിനിറങ്ങുമെന്ന വിശദീകരണവുമായി ജോസഫ് രംഗത്തെത്തി.

വേദനാജനകമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നിർദേശങ്ങൾ യുഡിഎഫ് നേതൃത്വം മറുപക്ഷത്തിന് നൽകിയിട്ടുണ്ടെന്ന് ജോസഫ് പക്ഷത്തെ നേതാവ് മോൻസ് ജോസഫ് പറയുന്നു. ജോസഫിനെ അപമാനിച്ചത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് കിട്ടി. അതിനാലാണ് കടുംവെട്ട് നിലപാടിൽ നിന്ന് പിന്നോക്കം പോകുന്നതെന്നും മോൻസ് പറയുന്നു.

എന്നാൽ ഉപാധികളെ കുറിച്ചുള്ള വാർത്തകളെല്ലാം യുഡിഎഫ് നേതൃത്വം തള്ളുകയാണ്. ജോസഫ് വിഭാഗം ഉപാധികളൊന്നും മുന്നോട്ടുവെച്ചിട്ടില്ല. അസ്വസ്ഥതയുണ്ടാക്കുന്ന ഒരു നീക്കവുമുണ്ടാകില്ലെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കുന്നു.