'സി.എച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ ഇടപെട്ടത് പാലാ രൂപത'; വെളിപ്പെടുത്തല്‍

മുസ്ലീം ലീഗ് നേതാവ് സിഎച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കാന്‍ ഇടപെട്ടത് പാലാ രൂപതയാണെന്ന് വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വി.കെ ബീരാന്‍ രചിച്ച ‘സിഎച്ച് മുഹമ്മദ് കോയ അറിയാത്ത കഥകള്‍’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിഎച്ചിനെ മാറ്റിനിര്‍ത്തുന്നത് അനീതിയാണെന്ന് വ്യക്തമാക്കി പാലാ ബിഷപ്പായിരുന്ന ഡോ. സെബാസ്റ്റ്യന്‍ വയലില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് മാത്യൂവിന് കത്ത് കൈമാറിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

1977 ല്‍ നിലവില്‍ വന്ന ഐക്യമുന്നണിയുടെ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായര്‍ രാജിവെച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ പറയുന്നഭാഗത്താണ് പരാമര്‍ശം. സി.പി.എം, സി.പി.ഐ, അഖിലേന്ത്യ ലീഗ് എന്നിവരെ ഒഴിവാക്കി ഒരു ഭരണസംവിധാനത്തിനാണ് അന്ന് ആലോചന നടന്നത്. സി.എച്ച് മുഖ്യമന്ത്രിയാകണമെന്നായിരുന്നു പൊതു അഭിപ്രായം. എന്നാല്‍, കെ.എം. മാണിയുടെ പാര്‍ട്ടിക്ക് 16 എം.എല്‍.എമാര്‍ ഉള്ളതുകൊണ്ട് 12 എം.എല്‍.എമാര്‍ മാത്രമുള്ള ലീഗ് നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ പലരും തയാറായില്ല.

എന്‍.എസ്.എസിന്റെ രാഷ്ട്രീയപാര്‍ട്ടിയായ എന്‍.ഡി.പിയും മാണിയെ പിന്തുണച്ചു. മാണിയുടെ അവകാശവാദത്തെ തള്ളാന്‍ ലീഗ് നേതൃത്വം തയാറായില്ല. എങ്ങനെയും സര്‍ക്കാര്‍ രൂപവത്കരിക്കുകയെന്നതായിരുന്നു പ്രധാന അജണ്ട. 1979ലും സി.എച്ചിന് മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടാല്‍ അത് അനീതിയാകുമെന്ന് ക്രിസ്ത്യന്‍ വിഭാഗം അഭിപ്രായപ്പെട്ടു. തീരുമാനം എടുക്കേണ്ട നിര്‍ണായക ദിവസത്തിന്റെ തലേന്നാള്‍ പ്രമുഖ അഭിഭാഷകനായിരുന്ന ഡോ. ജോര്‍ജ് മാത്യു കളപ്പുരക്കലുമായി സംസാരിച്ചെന്ന് ലേഖകന്‍ പറയുന്നു.

പാലാക്കാരനും മാണിയുടെ സഹപാഠിയുമായിരുന്ന അദ്ദേഹം പാലാ ബിഷപ്പിനോട് സംസാരിക്കാമെന്ന് ഏറ്റു. അരമനയില്‍ അദ്ദേഹത്തെ കണ്ട് കാര്യം അവതരിപ്പിച്ചു. സംഭവങ്ങള്‍ ബോധ്യപ്പെട്ട അദ്ദേഹം തിരുവനന്തപുരം ആര്‍ച് ബിഷപ്പിന് കത്തെഴുതി ഡോ. ജോര്‍ജ് മാത്യു കളപ്പുരക്കലിനെ ഏല്‍പിച്ചു. ഉടന്‍ തിരുവനന്തപുരത്തെത്തിക്കാനായിരുന്നു നിര്‍ദേശം.

Read more

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സി.എച്ച്. മുഹമ്മദ് കോയയെ മാറ്റിനിര്‍ത്തുന്നത് അനീതിയാണെന്നും മാണി അവകാശവാദത്തില്‍നിന്ന് പിന്തിരിയണമെന്നുമായിരുന്നു കത്തിലെ ആവശ്യം. കത്ത് പുലര്‍ച്ച തിരുവനന്തപുരത്ത് എത്തിച്ചു. ഉടന്‍ ആര്‍ച് ബിഷപ് മാണിയെ വിളിച്ചുവരുത്തി വിവരം അറിയിച്ചു. ഒരു മടിയും കൂടാതെ മാണി തീരുമാനം അംഗീകരിച്ചുവെന്നും ലേഖകന്‍ പറയുന്നു.