'പാർട്ടി തന്നെ മനസിലാക്കിയില്ല, എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയതിൽ പ്രയാസം'; ഇപിയുടെ ആത്മകഥ ഭാഗങ്ങൾ പുറത്ത്

സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്ത്. ‘കട്ടൻ ചായയും പരിപ്പ് വടയും’ എന്ന ആത്മകഥയുടെ ഭാഗങ്ങളാണ് പുറത്ത് വന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ മനസ്സിലാക്കിയില്ലെന്നും പുസ്തകത്തിൽ പറയുന്നു.

ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്ത് വന്നത്. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂട്ടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ മറ്റൊരു വിമർശനം. പി സരിൻ അവസരവാദിയാണെന്നും വിമർശനമുണ്ട്.

ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുളള കൂടിക്കാഴ്ചയിൽ എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ബിജെപി നേതാവായ ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളം. അവരെ കണ്ടത് ഒരു തവണ മാത്രമാണ്. അതും പൊതു സ്ഥലത്ത് വെച്ചായിരുന്നു കണ്ടതെന്നും പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും ഇപി തുറന്നടിക്കുന്നു.

അതേസമയം വാർത്ത തെറ്റാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. താൻ ബുക്ക് എഴുതി തീർന്നിട്ടില്ലെന്നും ഡി സി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.

Read more