പഞ്ചായത്ത് സെക്രട്ടറിയോട് കയർത്ത് സംസാരിക്കുന്ന പട്ടാമ്പി എംഎൽഎയുടെ ഓഡിയോ സംഭാഷണം പുറത്ത്. ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെ താക്കീത് ചെയ്യുന്ന എംഎൽഎ മുഹമ്മദ് മുഹ്സിന്റെ സംഭാഷണമാണ് പുറത്തുവന്നത്. എംഎൽഎയുടെ സഹോദരിയെ പഞ്ചായത്ത് സെക്രട്ടറി അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ഫോണിൽ വിളിച്ച് കയർത്ത് സംസാരിച്ചത്.
വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പഞ്ചായത്തിലെത്തിയതായിരുന്നു എംഎൽഎയുടെ സഹോദരി. വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ സഹോദരിയെ അപമാനിച്ചുവെന്നാണ് എംഎൽഎ പറയുന്നത്.
‘തനിക്ക് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോ? വീട്ടിലെ സ്ത്രീകളോട് മോശമായി പെരുമാറി. വളരെ മോശമായിട്ടാണല്ലോ താൻ പെരുമാറിയത്. എന്റെ പെങ്ങൾ അവിടെനിന്ന് കരഞ്ഞിട്ടാണല്ലോ ഇറങ്ങിപോയത്. ഞാൻ താങ്കളെ ഒരു റെക്കമൻന്റേഷനും വിളിച്ചിട്ടില്ല. തനിക്ക് എന്തെങ്കിലും രാഷ്ട്രീയമായി എന്നോട് പ്രശ്നമുണ്ടെങ്കിൽ വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ അടിച്ചു മോന്ത പൊളിക്കും’- എന്നായിരുന്നു എംഎൽഎ പറഞ്ഞത്.
വനിതാ അംഗങ്ങളോട് അടക്കം മോശമായ രീതിയിൽ സംസാരിച്ചത് കൊണ്ടാണ് സെക്രട്ടറിയെ വിളിച്ച് താക്കീത് നൽകിയതെന്നാണ് എംഎൽഎയുടെ വിശദീകരണം. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ഓഡിയോ ഇപ്പോൾ പുറത്തുവിട്ടത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യം ഉന്നംവെച്ചാണെന്നും എംഎൽഎ മുഹമ്മദ് മുഹ്സിൻ പറയുന്നു.
Read more
എന്നാൽ താൻ എംഎൽഎയുടെ സഹോദരിയെ അപമാനിച്ചിട്ടില്ലെന്നും രേഖകൾ മാത്രമാണ് ചോദിച്ചതെന്നും പഞ്ചായത്ത് സെക്രട്ടറി ജഗദീഷും പ്രതികരിച്ചു. 2025 ജനുവരി 20നായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഡിയോ സന്ദേശം പുറത്തായത്. അദാലത്തുമായി ബന്ധപ്പെട്ട വീഴ്ചകളെ തുടർന്നാണ് സെക്രട്ടറിക്ക് സ്ഥലംമാറ്റം ലഭിച്ചതെന്നാണ് എംഎൽഎ പറയുന്നത്.