കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസവസ്തു ഒഴിച്ച് വികൃതമാക്കി അജ്ഞാതർ. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തിൽ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്‌തു ഒഴിച്ചത്. ഇതുകൂടാതെ മുൻ മുഖ്യമന്ത്രി ഇ. കെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാര്‍ ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം.
എന്ത് തരം ദ്രാവകമാണ് സ്‌തൂപങ്ങളിൽ ഒഴിച്ചതെന്നോ ആരാണ് ഒഴിച്ചതെന്നോ വ്യക്തമല്ല. കോടിയേരി ബാലകൃഷ്ണൻ്റെ സ്‌മൃതികുടീരമാണ് ഏറ്റവുമധികം വികൃതമാക്കിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടേയും മറ്റ് സാംസ്‌കാരിക നായകരുടെയും സ്‌തൂപങ്ങൾ ഇതേ സ്ഥലത്തുണ്ട്. ഇവയൊന്നും വികൃതമാക്കിയിട്ടില്ല. പി. കെ ശ്രീമതി ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ സ്ഥലത്തെത്തി.
പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി. കെ ശ്രീമതി ആരോപിച്ചു. കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നത് ജനം തിരിച്ചറിയണമെന്നും പി. കെ ശ്രീമതി പറഞ്ഞു.
Read more
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ആസൂത്രീത നീക്കമാണിതെന്ന് സിപിഎം ആരോപിച്ചു. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം സംഭവത്തിൽ ആവശ്യമാണെന്നും സിപിഎം ആവശ്യപ്പെട്ടു. സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.