ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടിയുമായി സർക്കാർ. 6 സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇവരോട് അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനാണ് നിർദേശം.
കാസർകോട് ഓഫീസ് അറ്റൻഡന്റ് സാജിത.കെ.എ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ഷിജാകുമാരി, വടകര മണ്ണ് സംരക്ഷണ ഓഫീസ് വർക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മൻസിൽ, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസ് പാർട്ട് ടൈം സ്വീപ്പർ ഭാർഗ്ഗവി.പി, മീനങ്ങാടി മണ്ണ് പര്യവേക്ഷണ അസിസ്റ്റൻ്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാർട്ട് ടൈം സ്വീപ്പർ ലീല കെ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ ശ്രീമതി രജനി.ജെ എന്നിവർക്കാണ് സർക്കാർ നോട്ടീസ് അയച്ചത്.
1,458 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ തട്ടിച്ചതായി കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പിൽ മാത്രം 370 പേർ പണം തട്ടിയെന്നും കണ്ടെത്തി. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ തട്ടിപ്പ് നടത്തി. കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർമാരും തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഹയർ സെക്കൻഡറി അധ്യാപകരും പെൻഷൻ തട്ടിയവരുടെ പട്ടികയിലുണ്ട്. ധന വകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്.