തിരുവനന്തപുരം അനന്തപുരിയിലെ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് പിസി ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. നിലവില്‍ അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം.
ജോര്‍ജിനു പിന്തുണയുമായി ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നിലെത്തിയിട്ടുണ്ട്. അറസ്റ്റ് അംഗീകരിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും എത്തി. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാണ് പിഡിപി പ്രവര്‍ത്തകരുടെ ആവശ്യം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. ഇനി എപ്പോള്‍ വേണമെങ്കിലും പൊലീസിന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാം.
സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പ്രസംഗം. വിദ്വേഷ പ്രസംഗത്തിന് മജിസ്ട്രേറ്റ് പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷം എറണാകുളം വെണ്ണലയില്‍ പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തുകയായിരുന്നു.
Read more
സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു. കൊച്ചിയില്‍ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ചാനലില്‍ വന്ന പ്രസംഗത്തിന്റെ പകര്‍പ്പാണ് കോടതി വിശദമായി പരിശോധിച്ചത്.