കോഴിക്കോട് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുഎപിഎ ചുമത്തിയതില്‍ സിപിഎം പൊളിറ്റ് ബ്യൂറോ സര്‍ക്കാരിനെ വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തിലുള്ള ഒരു വിമര്‍ശനവും പൊളിറ്റ് ബ്യൂറോയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ സഭ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് അംഗം പിടി തോമസ് ആണ് ഇക്കാര്യം പരാമര്‍ശിച്ചത്. പിബിയുടെ വിമര്‍ശനം ഏറ്റാണ് മുഖ്യമന്ത്രി സഭയില്‍ എത്തിയിരിക്കുന്നതെന്ന് ചോദ്യോത്തരവേളയില്‍ പിടി തോമസ് പറഞ്ഞു. ചോദ്യത്തിന മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രി ഇതിനോടു പ്രതികരിക്കുകയായിരുന്നു.
യുഎപിഎയുടെ പേരില്‍ പിബി വിമര്‍ശനം ഉന്നയിച്ചെന്ന മാധ്യമ വാര്‍ത്തകള്‍ തീര്‍ത്തും തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള ഒരു വിമര്‍ശനവും പിബിയില്‍ നിന്ന് ഉണ്ടായിട്ടില്ല. പിബിയില്‍ പങ്കെടുത്ത പോലെയാണ് ഇക്കാര്യം പലരും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
Read more
തെറ്റുതിരുത്തുകയും നടപടികള്‍ എടുത്തു മുന്നോട്ടു പോവുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. പൊളിറ്റ് ബ്യൂറോ ശക്തമാണ്. അതു നടപടികള്‍ എടുക്കാറുണ്ട്. ഇത് ഹൈക്കമാന്‍ഡ് അല്ല. മുമ്പ് നടന്നതെല്ലാം എല്ലാവര്‍ക്കും അറിയാമല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിബി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചെന്ന വാര്‍ത്തകളെക്കുറിച്ച്, ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.