ജനം ടി.വിയിലെ കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തപ്പോൾ ബി.ജെ.പി നേതാക്കൾ ജനം ടി.വിയെ തന്നെ തള്ളി പറയുന്നൊരു നില എന്തുകൊണ്ടാണ് സ്വീകരിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതൊരു കടന്നകൈയ്യായി പോയി എന്നാണ് തോന്നുന്നത്. അങ്ങനെ സംസാരിച്ചവർ നാടിൻറെ മുന്നിൽ പരിഹാസ്യരാവുന്ന നിലയാണല്ലോ ഉണ്ടാകുക. എല്ലാവർക്കും അറിയാമല്ലോ വസ്തുത. ജനം ടി.വിയെ അങ്ങനെ തള്ളിപറയേണ്ടതുണ്ടായിരുന്നില്ല എന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നെഞ്ചിടിപ്പ് കൂടും എന്ന പരാമർശം കേന്ദ്രമന്ത്രി വി.മുരളീധരനെ ഉദ്ദേശിച്ചാണോ എന്ന ചോദ്യത്തിന്, ഏതു വ്യക്തിയെ ഉദ്ദേശിച്ചു എന്നത് പ്രസ്കതമായ കാര്യമല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തുകേസിൽ ചിലർ തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ അത് ഏതെല്ലാം രീതിയിൽ തിരിഞ്ഞു വരാനിടയുണ്ട് എന്ന തോന്നലിന്റെ ഭാഗമായിട്ടാണ് അങ്ങനെ പറഞ്ഞത്. ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
“അന്വേഷണം അതിന്റെ വഴിക്കു നീങ്ങട്ടെ എന്നാണ് ഞാൻ ആദ്യമേ തന്നെ പറഞ്ഞിട്ടുള്ള കാര്യം. മാത്രമല്ല അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോൾ പറഞ്ഞൊരു കാര്യമാണ്, അന്വേഷണം ശരിയായ വഴിക്കാണ് നീങ്ങുന്നത് എന്നാണ് ഇതുവരെ ഉള്ള അനുഭവം എന്ന്. അതിന്റെ ഭാഗമായി മറ്റൊരു ചിത്രം വരച്ചുകാട്ടാൻ ശ്രമിച്ചപ്പോഴാണ് ഈ അന്വേഷണം കൂടുതൽ നടക്കട്ടെ അപ്പോൾ ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നത് എന്ന് അപ്പോൾ നോക്കാം എന്ന് ഞാൻ പറഞ്ഞത്. അവിടെ തന്നെയാണ് ഞാൻ ഇപ്പോഴും നിൽക്കുന്നത്. അന്വേഷണം കൃത്യമായി നടക്കുകയാണ്, ആ അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ടവരെ സ്വാഭാവികമായും വിളിച്ചു ചോദ്യം ചെയ്യും. മറ്റു കാര്യങ്ങൾ അന്വേഷണ ഏജൻസികൾ തീരുമാനിക്കട്ടെ,” മുഖ്യമന്ത്രി പറഞ്ഞു.
Read more
അന്വേഷണം ശരിയായി നടന്നാൽ യഥാർത്ഥ കുറ്റവാളികളിലേക്ക് എത്തുമെന്നത് ഉറപ്പാണ്. സ്വർണക്കടത്തുകാരുമായി ആരൊക്കെ ബന്ധപ്പെട്ടെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. കള്ളക്കടത്തിന് പിന്നിൽ ആരാണെന്നു അന്വേഷണത്തിലൂടെ പുറത്തു വരട്ടെ. അന്വേഷണ പുരോഗതി, രീതി എന്നിവയാണ് നോക്കേണ്ടത്. ഇപ്പോൾ ശരിയായ രീതിയിലാണ് അന്വേഷണം. ഭാവിയിൽ എങ്ങനെയെന്നു പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.