പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീ പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. ബ്രഹ്‌മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്‌ക്കരിക്കാന്‍ നിര്‍ദേശം നല്‍കും. ജൈവ മാലിന്യ സംസ്‌ക്കരണത്തിന് വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും. ബ്രഹ്‌മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കലക്ടര്‍, കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനായി ചേരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മാര്‍ച്ച് 2 ന് വൈകുന്നേരം 4.30 നാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ്, പോലിസ് യൂണിറ്റുകള്‍ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മാലിന്യത്തിന്റെ രാസവിഘടന പ്രക്രിയ നടക്കുന്നത് മൂലം ബഹിര്‍ഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്മോള്‍ഡറിങ് ആണ് പ്രധാനമായും പ്ലാന്റില്‍ ഉണ്ടായത്. സംസ്ഥാനത്ത് പൊതുവെ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യവുമുണ്ട്. ഇത് തീപിടുത്തത്തിന്റെ ആക്കം കൂട്ടി.
തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന രക്ഷ സേനയുടെ ശ്രമങ്ങള്‍ക്ക് പുറമെ നേവി, വായു സേനയുള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെയും സഹായം ലഭ്യമാക്കി.
കത്തിപ്പടരുന്ന തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായെങ്കിലും മാലിന്യത്തിനകത്ത് നിന്നുള്ള ചൂടില്‍ നീറി പുകയുന്ന സ്ഥിതി തുടര്‍ന്നു. ഇതുവഴിയാണ് പ്ലാന്റിന് സമീപപ്രദേശത്ത് പൊതുവെ പുക പടരുന്ന സാഹചര്യമുണ്ടായത്. മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് പുക ബഹിര്‍ഗമിക്കുന്ന മേഖലകളില്‍ മാലിന്യങ്ങള്‍ മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തി വരുന്നത്. അഗ്‌നിശമന സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ക്ക് പുറമെ ആലപ്പുഴയില്‍ നിന്ന് എത്തിച്ചിട്ടുള്ള 3 ഉയര്‍ന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മിനുട്ടില്‍ 60,000 ലിറ്റര്‍ എന്ന തോതില്‍ വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനം തുടരുകയാണ്.
Read more
നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി 300 അഗ്‌നിശമന സേനാ ജീവനക്കാര്‍, 70 മറ്റു തൊഴിലാളികള്‍, മാലിന്യനീക്കത്തിനായി 50 ഓളം ഹിറ്റാച്ചി/ജെസിബി ഓപ്പറേറ്റര്‍മാര്‍, 31 ഫയര്‍ യൂണിറ്റുകള്‍, 4 ഹെലികോപ്റ്ററുകള്‍, 14 ഓളം അതിതീവ്ര മര്‍ദ്ദ ശേഷിയുള്ള ജലവാഹക പമ്പുകള്‍, 36 ഹിറ്റാച്ചി ജെസിബികള്‍ എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തനം നടത്തി വരികയാണ്.