പിഎന്‍ മഹേഷ് പുതിയ ശബരിമല മേല്‍ശാന്തി; ഏഴാമത്തെ നറുക്കിലൂടെ പിജി മുരളി മാളികപ്പുറം മേല്‍ശാന്തിയായി

ശബരിമല മാളികപ്പുറം എന്നിവിടങ്ങളിലേക്ക് പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശി പിഎന്‍ മഹേഷാണ് ശബരിമല മേല്‍ശാന്തി. നിലവില്‍ മഹേഷ് തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. 17 പേരുണ്ടായിരുന്ന പട്ടികയില്‍ നിന്നാണ് മഹേഷ് നടുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്.

പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിയ വൈദേഹ് എം വര്‍മ്മ എന്ന കുട്ടിയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. തൃശൂര്‍ തൊഴിയൂര്‍ വടക്കേക്കാട്ട് പൂക്കാട്ട് മനയിലെ പിജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ഏഴാമത്തെ നറുക്കിലൂടെയാണ് മുരളി മേല്‍ശാന്തിയായത്. മാളികപ്പുറം ക്ഷേത്രത്തില്‍ 12 പേരായിരുന്നു അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്.

Read more

പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ നിരുപമ ജി വര്‍മ്മയാണ് മാളികപ്പുറം ക്ഷേത്രത്തിലെ നറുക്കെടുത്തത്. മണ്ഡലകാല തീര്‍ത്ഥാടന കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക. വൃശ്ചികം ഒന്ന് മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിയെയാണ് നറുക്കെടുത്തത്.
തുലാമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്നലെ തുറന്നു. ഇന്ന് മുതല്‍ ഒക്ടോബര്‍ 22 വരെ വിശേഷാല്‍ പൂജകള്‍ ഉണ്ടാകും.