തെളിവെടുപ്പിനെത്തിച്ചപ്പോൾ മുഖം മിനുക്കി, മുടി ഒതുക്കി ക്യാമറയ്ക്ക് മുന്നിൽ; പൊലീസ് ഉദ്യോ​ഗസ്ഥന്റെ കൊലപാതകത്തിൽ തെല്ലും കൂസലില്ലാതെ പ്രതി കോക്കാടൻ

കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ സിപിഒ ശ്യാമ പ്രസാദിന്റെ കൊലപാതകത്തിൽ പ്രതി ജിബിൻ ജോർജിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനെത്തിച്ചപ്പോൾ തെല്ലും കൂസലില്ലാതെയാണ് പ്രതി കൊലപാതകം നടത്തിയ രീതി പൊലീസിന് വിവരിച്ച് നൽകിയത്. മുഖം മിനുക്കിയും മുടി ഒതുക്കിയും ക്യാമറകൾക്ക് മുഖം കൊടുത്ത് വാഹനത്തിൽ നിന്ന് ഇറങ്ങിയ പ്രതി ശ്യാമ പ്രസാദിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പൊലീസിന് വിശദീകരിച്ചുകൊടുത്തു.

വധശ്രമം, അടിപിടി, മോഷണം തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണ് കോക്കാടൻ എന്ന് വിളിക്കുന്ന ജിബിൻ. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ബാറുകളിൽ കയറി മറ്റുളളവരെ ഭീഷണിപ്പെടുത്തി മദ്യപിക്കുന്നത് ജിബിന്റെ വിനോദമാണെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ പാറമ്പുഴ സ്വ​ദേശി വിനീതിനേയും സഹോദരനേയും മർദ്ദിച്ച കേസിൽ ജിബിനും സുഹൃത്തുക്കൾക്കുമെതിരെ ​ഗാന്ധി ന​ഗർ പൊലീസിൽ പരാതിയുണ്ട്.

തെളളകത്തെ ബാർ ഹോട്ടലിന് സമീപം എംസി റോഡിലുളള സാലി ശശിധരൻ എന്നയാളുടെ കടയിലാണ് തർക്കമുണ്ടായത്. ഇത് പരിഹരിക്കാനായി ശ്യാമ പ്രസാദ് അങ്ങോട്ട് എത്തിയപ്പോഴാണ് ജിബിൻ ജോർജ് ആക്രമിച്ചത്. പൊലീസ് ഉദ്യോ​ഗസ്ഥനെ ആക്രമിക്കുമ്പോൾ ജിബിന്റെ കൂടെ മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നതായി കടയുടമ പറഞ്ഞു. കട അടയ്ക്കാൻ സമ്മതിക്കാതെ ഇവർ കടയുടമ സാലിയുമായി തർക്കിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പൊലീസ് എത്തിയപ്പോൾ ജിബിന്റെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സാലി പറഞ്ഞു.