പൂര നഗരിയിൽ ആംബുലൻസിൽ എത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്

തൃശൂർ പൂര നഗരിയിൽ ആംബുലൻസിൽ എത്തിയ സംഭവത്തിൽ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്. ആംബുലൻസ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാൻ അനുവാദമുള്ള ആംബുലൻസിൽ യാത്ര ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.

പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്ഐആറിൽ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പടെ പ്രതികൾ 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

തൃശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. ആംബുലൻസിൽ സുരേഷ് ഗോപി എത്തുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്.