തൃശൂർ അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ് തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കാട്ടാനയുടെ ചവിട്ടിൽ സതീഷിന്റെ വാരിയെല്ലുകൾ ഒടിഞ്ഞുവെന്നും ശ്വാസകോശത്തിലും കരളിലും വാരിയെല്ലുകൾ തുളച്ചു കയറിയതിനാൽ രക്തം വാർന്നായിരുന്നു മരണം സംഭവിച്ചതെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശത്തിലും ശരീരഭാഗത്തും രക്തം കട്ടപിടിച്ചെന്നും റിപ്പോർട്ടിൽ ഉണ്ട്.
താലൂക്ക് ആശുപത്രിയിൽ സതീഷിന്റെ പോസ്റ്റ്മാർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സതീഷിനൊപ്പം മരണപ്പെട്ട വാഴച്ചാൽ ശാസ്താംപൂവം ഉന്നതിയിലെ അംബികയുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളജിൽ നടക്കുകയാണ്. ഈ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കും.
വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് അതിരപ്പിള്ളിയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് ഇരുവരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവരുടെ കുടുംബം. ഇന്നലെയാണ് ഇവർക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോൾ ഇവരെല്ലാം ചിതറിയോടുകയായിരുന്നു. എന്നാൽ സതീഷനും അംബികയും കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയിൽനിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്നലെ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടു പേരുടെ ജീവൻ നഷ്ടമായത്.