കോട്ടയത്ത് ട്രെയിനിനുമുകളില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണു

കോട്ടയം കുറുപ്പന്തറയില്‍ കേരള എക്‌സ്പ്രസിന് മുകളില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു. . ഇലക്ട്രിക്ക് എഞ്ചിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് (pantograph) എന്ന സംവിധാനം തകര്‍ന്ന് വീഴുകയായിരുന്നു. പാന്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈന്‍ പൊട്ടാന്‍ കാരണമായി. നിലവില്‍ കോട്ടയം വഴിയുള്ള തിരുവനന്തപുരം – കൊച്ചി റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കൊച്ചി – തിരുവനന്തപുരം ലൈന്‍ കുഴപ്പമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം – ന്യൂ ഡല്‍ഹി കേരള എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പാന്റോഗ്രാഫ് പൊട്ടിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ ഇലക്ട്രിക് ലൈന്‍ തകര്‍ന്നു വീണു.

നിലവിലെ സാഹചര്യത്തില്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ സമയം പ്രശ്‌നം പരിഹരിക്കാനെടുക്കുമെന്നാണ് വിവരം. ഒരു ഡീസല്‍ എഞ്ചിന്‍ കൊണ്ടു വന്ന് ട്രെയിന്‍ ട്രാക്കില്‍ നിന്ന് മാറ്റണം. ഇതിന് ശേഷം മാത്രമേ അറ്റകുറ്റപ്പണികള്‍ നടത്താനാവൂ.

കഴിഞ്ഞ ദിവസം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത് സംസ്ഥാനത്തെ റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു.