വാര്‍ത്താസമ്മേളനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം; ഡി.എം.ഒമാര്‍ക്ക് നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. അനുമതി ഇല്ലാതെ ഡി.എം.ഒമാര്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്നും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങള്‍ പങ്കുവെക്കരുതെന്നും അറിയിച്ച് കൊണ്ട് ആരോഗ്യ ഡയറക്ടര്‍ ഡോ. വി.ആര്‍. രാജ് ഡിസംബര്‍ മൂന്നിന് സര്‍ക്കുലര്‍ പുറത്തിറക്കി.

നേരത്തെ ഒമിക്രോണ്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത് സംബന്ധിച്ച് കോഴിക്കോട് ഡി.എം.ഒ ഉമ്മര്‍ ഫാറൂഖ് നടത്തിയ വാര്‍ത്താ സമ്മേളനം വിവാദമായി മാറിയിരുന്നു. ഡി.എം.ഒയുടെ പ്രതികരണം സമൂഹത്തില്‍ ഭീതി പടരുന്നതിന് കാരണമായി എന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഇദ്ദേഹത്തോട് വിശദീകരണവും തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ജനങ്ങള്‍ക്കിടയില്‍ ഭീതിയും തെറ്റിധാരണയും ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നടപടി എന്നാണ് ആരോഗ്യ വകുപ്പ് പറഞ്ഞത്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പലപ്പോഴും ആധികാരികമല്ലാത്ത നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാറുണ്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ രോഗവ്യാപനം പോലുള്ള കാര്യങ്ങളില്‍ തെറ്റിധാരണ ഉണ്ടാകാന്‍ ഇടയാക്കുമെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.

Read more

ആധികാരികമല്ലാത്ത വിവരങ്ങള്‍ വകുപ്പിന്റെ യശസിന് കളങ്കം വരുത്തുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു. അതിനാല്‍ ഡി.എം.ഒമാരും, ജീവനക്കാരും ഉത്തരവ് നിര്‍ബന്ധമായും പാലിക്കണമെന്നും വിവരങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ അതിന്റെ ആധികാരികത ഉറപ്പുവരുത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.