സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചില്ല; കെഎസ്ആര്‍ടിസിയിലെ പരിശോധന ഫലം നാണംകെടുത്തിയെന്ന് കെബി ഗണേഷ്‌കുമാര്‍

മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയ ശേഷം കെഎസ്ആര്‍ടിസിയില്‍ അപകടം കുറഞ്ഞിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. പരിശോധന ഫലം കാണുന്നു എന്നാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ ദിവസം കാന്തല്ലൂരില്‍ പോയി അഞ്ച് കെഎസ്ആര്‍ടിസി ബസുകള്‍ പരിശോധിച്ചിരുന്നു.

അവിടെയുണ്ടായിരുന്ന പത്ത് ജീവനക്കാരില്‍ ഒന്‍പത് പേരും മദ്യപിച്ചിരുന്നു. പത്താമന്‍ മാന്യനാണെന്ന് കരുതി ബാഗ് പരിശോധിച്ചപ്പോള്‍ അതിലൊരു വലിയ മദ്യ കുപ്പി. അവിടെ മദ്യപാന സദസ് നടക്കുന്നുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. എന്നാല്‍ കേരളത്തിലെ 1009 സ്വകാര്യ ബസുകളില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ പോലും മദ്യപിച്ചതായി കണ്ടെത്തിയില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ പരിശോധന ഫലം നാണംകെടുത്തുന്നതായിരുന്നു. 1009 സ്വകാര്യ ബസുകളില്‍ നിന്ന് ഒരാളെ പോലും മദ്യപിച്ചതിന് പിടികൂടിയില്ല. അതിന്റെ കാരണം മദ്യപിച്ചെത്തിയാല്‍ ഉടമസ്ഥന്‍ വാഹനത്തില്‍ കയറ്റില്ലെന്നതാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.