എറണാകുളം ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക്

എറണാകുളം ജില്ലയില്‍ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. എറണാകുളം നഗരത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന അടക്കം കാര്യങ്ങളില്‍ ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്.

ബസ് ഉടമ-തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നടപടികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ 30 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ജില്ലാ ബസ് ഉടമ-തൊഴിലാളി സംയുക്തസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊലീസ് നിസ്സാരകാര്യങ്ങള്‍ക്ക് വണ്ടിപിടിച്ചിടുന്നതും തൊഴിലാളികളെ പീഡിപ്പിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അശാസ്ത്രീയമായ ഗതാഗതപരിഷ്‌കാരംമൂലം സമയക്രമം പാലിക്കാന്‍ ബസുകള്‍ക്ക് കഴിയുന്നില്ല. കൃത്യമായ പഞ്ചിങ് സംവിധാനം നടപ്പാക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ യൂണിയന്‍ എതിരല്ല. എന്നാല്‍, സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുന്ന പൊലീസ് നടപടി തുടര്‍ന്നാല്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകേണ്ടി വരുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

Read more

എന്നാല്‍ ബുധനാഴ്ച നടക്കുന്ന സൂചനാപണിമുടക്കില്‍ എറണാകുളം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പങ്കെടുക്കില്ലെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ മുരളീധരനും സെക്രട്ടറി കെ കെ കലേശനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.