പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി ബിജെപി ഹൈക്കോടതിയില്‍

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കോടതിയില്‍. വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചതായാണ് ബിജെപി ആരോപണം. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹൈക്കോടതിയില്‍ പ്രിയങ്കയ്‌ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നവ്യ ഹരിദാസിന്റെ ഹര്‍ജി. പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക ചോദ്യം ചെയ്താണ് നവ്യയുടെ ഹര്‍ജി. ഇതില്‍ സ്വത്ത് വിവരങ്ങള്‍ പ്രിയങ്കയും കുടുംബാംഗങ്ങളും മറച്ചുവെച്ചു എന്നാണ് ബിജെപി ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇതിലൂടെ വോട്ടര്‍മാരില്‍ തെറ്റായ സ്വാധീനം ചെലുത്തിയെന്നും ബിജെപി ആരോപിക്കുന്നു.

തെറ്റായ വിവരങ്ങള്‍ നല്‍കിയുള്ള പ്രിയങ്കയുടെ വിജയം റദ്ദാക്കണം എന്നാണ് ഈ തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാനപ്പെട്ട വാദമായി നവ്യ ഹരിദാസ് മുന്നോട്ടുവെച്ചിരിക്കുന്നത്. മറ്റ് ഹര്‍ജികളില്‍ നിന്ന് വ്യത്യസ്തമാണ് തിരഞ്ഞെടുപ്പ് ഹര്‍ജികളുടെ പൊതുസ്വഭാവം. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു കൃത്യമായ സമയപരിധിക്കുള്ളിലേ ഹര്‍ജി സമര്‍പ്പിക്കാന്‍ സാധിക്കുള്ളൂ.