സ്യർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത മന്ത്രി കെ. ടി ജലീലിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം. ജലീലിൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം ആണ് രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘർഷവും അരങ്ങേറിയിരിക്കുകയാണ്.
സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണർ ഓഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും യൂത്ത് കോൺഗ്രസും, കോൺഗ്രസും, യൂത്ത് ലീഗും, യുവമോർച്ചയും ബിജെപിയും നടത്തിയ പ്രതിഷേധ മാർച്ചുകൾ പൊലീസ് തടഞ്ഞു. പലയിടത്തും മാർച്ചുകൾ സംഘർഷഭരിതമായി. ആലപ്പുഴയിലെയും കൊല്ലത്തെയും മാർച്ചുകൾ തടഞ്ഞത് സംഘർഷത്തിലേക്ക് വഴി മാറിയപ്പോൾ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മന്ത്രി കെ ടി ജലീലിന്‍റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് ചുറ്റും വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകരെയോ ആരെയുമോ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. വീട്ടിനകത്ത് മന്ത്രി ജലീൽ ഇപ്പോഴും മൗനത്തിലാണ്. മാധ്യമ പ്രവർത്തകരോട് വ്യക്തമായ മറുപടി നല്‍കാൻ അദ്ദേഹം തയ്യാറായിട്ടില്ല.
കോഴിക്കോട് യൂത്ത് ലീഗ് മാർച്ചിന് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. ഇതിന് പിന്നാലെ സംഘർഷവുമുണ്ടായി. കൊല്ലത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ജില്ലാ പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. പത്തനംതിട്ട സിവിൽ സ്റ്റേഷനിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിനു മുന്നിലെ കോഴിക്കോട് വയനാട് ദേശീയപാത ഉപരോധിക്കുന്നു. കൊട്ടിയത്ത് റോഡ് ഉപരോധിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യലിന് മുന്നോടിയായി തങ്ങിയ അരൂരിലെ വ്യവസായി എം എസ് അനസിന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധപ്രകടനം നടക്കാനിരിക്കുകയാണ്. ഇന്നലെ രാത്രി വലിയ പ്രതിഷേധത്തിനാണ് സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചത്.
Read more
അതേസമയം, മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കേന്ദ്രങ്ങൾ പറയുന്നത്. നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങൾ കൊണ്ടു വന്നത് മറയാക്കി പ്രതികൾ സ്വർണ കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുമായുളള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വ്യക്തമായി പരിശോധിച്ച ശേഷമാകും വീണ്ടും വിളിച്ചു വരുത്തുക. യുഎഇ കോൺസൽ ജനറൽ ആവശ്യപ്പെട്ടിട്ടാണ് സർക്കാർ വാഹനത്തിൽ മതഗ്രന്ഥങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.