കുമ്പളങ്ങിയില്‍ അണികളുടെ പ്രതിഷേധം; കെ.വി തോമസിന്റെ ചിത്രം കീറി തീയിട്ടു

എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കെ വി തോമസിനെ തിരെ കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കമ്മിറ്റി ഓഫിസിലെ കെ.വി തോമസിന്റെ ചിത്രം കീറി പ്രവര്‍ത്തകര്‍ തീയിട്ടു. കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തയാളാണ് കെ.വി തോമസെന്നും തിരുതയ്ക്ക് മാപ്പില്ലെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന് വേണ്ടി പ്രചാരണം നടത്തുമെന്ന് കെ വി തോമസ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് തുടര്‍ന്ന് ാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെ.വി തോമസിനെതിരെ നടപടി എടുക്കുകയായിരുന്നു. എ.ഐ.സി.സി അംഗീകാരത്തോടെയാണ് നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചു.

നേരത്തെ മുമ്പ് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ എഐസിസി വിലക്ക് ലംഘിച്ച് കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ പുറത്താക്കേണ്ടതില്ല എന്നായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്.