പിഎസ്സി പരീക്ഷയിൽ ഗുരുതര വീഴ്ച. ചോദ്യപേപ്പറിന് പകരം ഉദ്യോഗാർത്ഥികൾക്ക് ഉത്തര സൂചിക നൽകി. സർവേ വകുപ്പിലെ വകുപ്പുതല പരീക്ഷയിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. അബദ്ധം മനസിലായതോടെ ഉത്തരസൂചിക തിരികെവാങ്ങ പരീക്ഷ റദ്ദാക്കുകയായിരുന്നു.
സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രമോഷന് വേണ്ടിയായിരുന്നു പരീക്ഷ നടത്തിയത്. ഇരുന്നൂറിലധികം പേർ പരീക്ഷയെഴുതിയിരുന്നു. സാധാരണയായി ആറ് മാസം കൂടുമ്പോഴാണ് വകുപ്പ് തല പരീക്ഷ നടത്താറുള്ളത്. എന്നാൽ രണ്ട് വർഷം വൈകിയാണ് ഇത്തവണ പരീക്ഷ നടത്താൻ തീരുമാനിച്ചത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെൻ്ററുകളിൽവച്ചായിരുന്നു പരീക്ഷ. പത്ത് മണിക്ക് ഇൻവിജിലേറ്റർ ഉത്തരസൂചിക നൽകുകയായിരുന്നു. ചോദ്യവും ഉത്തരവും ഇതിലുണ്ടായിരുന്നു. അബദ്ധം മനസിലായതോടെ ഉദ്യോഗസ്ഥർ ഇത് തിരികെ വാങ്ങി. പിന്നാലെ പരീക്ഷ റദ്ദാക്കിയെന്ന് പി എസ് സി അറിയിക്കുകയായിരുന്നു. അബദ്ധം പറ്റിയെന്നാണ് പി എസ് സി നൽകുന്ന വിശദീകരണം.