പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; കെകെ എബ്രഹാമിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെകെ എബ്രഹാം ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 4.34 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച ഇഡി കെകെ എബ്രഹാമിനെ കസ്റ്റഡിയിലെടുത്തിരുന്നു.

തുടര്‍ന്ന് കെകെ എബ്രഹാമിനെ കോഴിക്കോട്ടെ ഇഡി ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്തിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി രണ്ട് ദിവസം എബ്രഹാമിനെ കസ്റ്റഡിയിലെടുത്ത ഇഡി നവംബര്‍ 10ന് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതിയില്‍ ഹാജരാക്കി. കോടതി എബ്രഹാമിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു.

യുഡിഎഫ് നിയന്ത്രണത്തിലുള്ള പുല്ലപ്പള്ളി സഹകരണ ബാങ്കില്‍ വായ്പ ഇടപാടില്‍ 8.64 കോടി രൂപയുടെ അഴിമതി നടന്നതായാണ് കേസ്. തട്ടിപ്പിനിരയായ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു. കേസില്‍ എബ്രഹാമിനെയും ബാങ്ക് സെക്രട്ടറിയെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിച്ച എബ്രഹാമിനെ ഇഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു.