പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: 8.34 കോടി രൂപ അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ഉത്തരവ്

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പില്‍ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിന് സര്‍ചാര്‍ജ് ഉത്തരവ് പുറത്തിറക്കി. അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ബാങ്കിന് നഷ്ടപ്പെട്ട 8.34 കോടി രൂപ തിരിച്ചു പിടിക്കാന്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എ ഷാജന്‍ ഉത്തരവിട്ടു.

നേരത്തെ ഇറക്കിയ സര്‍ചാര്‍ജ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പുതിയ സര്‍ചാര്‍ജ് പുറത്തിറക്കിയിരിക്കുന്നത്. അഴിമതിക്കേസില്‍ വിജിലന്‍സ് കേസ് അന്തിമഘട്ടത്തിലാണ്.

തട്ടിപ്പ് കാലയളവിലെ ഭരണസമിതി അംഗങ്ങള്‍ മുന്‍ സെക്രട്ടറി മുന്‍ ഇന്റേണല്‍ ഓഡിറ്റര്‍ എന്നിവരുടെ സ്ഥാവര ജംഗമ വസ്തുക്കളില്‍ നിന്നും റവന്യു റിക്കവറികള്‍ വഴി പണം തിരിച്ചു പിടിക്കാന്‍ നടപടി തുടങ്ങി.

2017-18 കാലയളവിലെ ഓഡിറ്റിലാണ് കോടികളുടെ വായ്പ്പാ തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിന്റെ അന്നത്തെ പ്രസിഡണ്ടായ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.