പരാതികളുമായി പാർട്ടിക്ക് മുന്നിലേക്ക്, പിവി അൻവർ- എംവി ഗോവിന്ദൻ കൂടിക്കാഴ്ച ഇന്ന്; തെളിവുകള്‍ കൈമാറും

ആരോപണങ്ങളും പരാതികളുമായി പിവി അൻവർ ഇന്ന് പാർട്ടിക്ക് മുൻപിലെത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായുള്ള അന്‍വറിന്റെ കൂടിക്കാഴ്ച ഇന്നു രാവിലെ നടക്കും. കൂടിക്കാഴ്ചയില്‍ എഡിജിപി എംആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ വ്യക്തമായ തെളിവുകള്‍ കൈമാറുമെന്ന് അന്‍വര്‍ അറിയിച്ചു.

ശശിക്കെതിരായ പരാതി എഴുതി നല്‍കുമെന്നും പൊലീസില്‍ നടക്കുന്ന ക്രമക്കേടുകളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ ആവശ്യപ്പെടുമെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് സംസ്ഥാന സെക്രട്ടറിക്ക് നൽകാനാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം ഉറപ്പുനൽകിയെന്നും പാർട്ടി സംഘടനാ തലത്തിൽ പ്രശ്നം പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെടും. അൻവറിന്റെ പരാതി വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിക്കും.

പി ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്ന പരാതി ഏറെക്കാലമായി സിപിഎമ്മിന് അകത്തുണ്ട്. ഇതേ വികാരമായിരിക്കും പിവി അൻവർ പാർട്ടിയെ അറിയിക്കുക. ഇന്നലെ എംവി ഗോവിന്ദന്‍ തലസ്ഥാനത്ത് ഇല്ലാതിരുന്നതു കാരണമാണ് കാണാന്‍ കഴിയാഞ്ഞതെന്നും ഇന്നു രാവിലെ നേരില്‍ക്കാണുമെന്നും പറയാനുള്ളതു മുഴുവന്‍ രേഖാസഹിതം പാര്‍ട്ടി സെക്രട്ടറിയെ അറിയിക്കുമെന്നും പൊലീസില്‍ ഒരു വിഭാഗം നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നേതൃത്വവും അറിയട്ടെയെന്നുമാണ് അന്‍വര്‍ പ്രതികരിച്ചത്.

അതേസമയം അന്‍വറിന്റെ ആരോപണങ്ങളെത്തുടര്‍ന്ന് എഡിജിപിക്കെതിരേ സർക്കാർ നിയോഗിച്ച ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന്റെ ആദ്യ യോഗം ഇന്ന് ചേരും. എന്നാല്‍ ആരോപണ വിധേയനായഎഡിജിപിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും തല്‍സ്ഥാനത്ത് ഇരിക്കെ നടത്തുന്ന അന്വേഷണം വെറും പ്രഹസനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആരോപണവിധേയനായ മേലുദ്യോഗസ്ഥനെ കസേരയിൽ നിലനിർത്തിക്കൊണ്ട് കീഴുദ്യോഗസ്ഥർക്ക് എങ്ങനെ അന്വേഷണം നടത്താൻ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.