എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് പിന്നാലെ കിറ്റക്സ് എം.ഡിയും, ട്വന്റി 20 ചീഫ് കോ ഓര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെതിരെ വിമര്‍ശനവുമായി സി.പി.എം രംഗത്ത്. ദീപു മരിക്കുമെന്ന് ഉറപ്പായതോടെയാണ് സാബു രംഗത്തെത്തിയത്. സാബു ശ്രമിച്ചത് സന്ദേശം സിനിമയിലേത് പോലെ മൃതദേഹം പിടിച്ചെടുക്കാന്‍ ആയിരുന്നുവെന്ന് സി.പി.എം. എറണാകുളം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍ പറഞ്ഞു.
സി.പി.എം പ്രവര്‍ത്തകരെ പ്രതി ചേര്‍ത്തു എന്നതിനാല്‍ അവരാണ് ദീപുവിനെ കൊല്ലപ്പെടുത്തിയത് എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ജില്ല സെക്രട്ടറി ചോദിച്ചു. ദീപുവിന്റെ മരണത്തിന് പിന്നല്‍ സി.പി.എം ആണെന്ന് ട്വന്റി 20യുടെ ആരോപണവും മോഹനന്‍ തള്ളി. കയില്‍ കാശുണ്ടെന്ന് കരുതി എന്തും വിളിച്ച പറയാമെന്ന അവസ്ഥയാണ് സാബുവിനുള്ളത്. സംഭവം നടന്നപ്പോള്‍ സാബുവും, ട്വന്റി 20 പഞ്ചായത്ത് അംഗവും അടക്കമുള്ളവര്‍ എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.
ദീപുവിന്റെ മരണത്തിന് പിന്നാലെ സി.പി.എമ്മിനും എം.എല്‍.എ പി.വി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിച്ചത്. ആസൂത്രിത കൊലപാതകമാണെന്നും, കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പി.വി ശ്രീനിജന്‍ എം.എല്‍.എ ആയ ശേഷം ട്വന്റി 20 പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയാണ്. അമ്പതോളം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു.
Read more
ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ ലൈസന്‍സ് കൊടുത്തിരിക്കുകയാണ്. മര്‍ദ്ദനത്തിന് ശേഷം കേസ് കൊടുക്കരുതെന്ന് ദീപുവിനെ ഭീഷണിപ്പെടുത്തി. കേസില്‍ ഒന്നാം പ്രതിയാക്കേണ്ടത് എം.എ.എയെ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.