പാലായിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവം റാഗിങ്ങിന്റെ പരിധിയിൽ വരുമെന്ന് പൊലീസ് റിപ്പോർട്ട്. റിപ്പോർട്ട് സിഐ ജുവനൈൽ ജസ്റ്റിസ് ബോർഡിനും സിഡബ്ല്യുസിക്കും കൈമാറി. അതിനിടെ വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും ഇടപെട്ടു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് (അക്കാദമിക്) നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
കോട്ടയം പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് റാഗ് ചെയ്യുകയും വിവസ്ത്രനാക്കി മർദിക്കുകയും ചെയ്തതായാണ് പിതാവിന്റെ പരാതി. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. പാലാ സെൻറ് തോമസ് സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾ ചേർന്നാണ് വിദ്യാർത്ഥിയെ ഉപദ്രവിച്ചത്.
Read more
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. കൂട്ടുകാർ ചേർന്ന് വിദ്യാർത്ഥിയെ ബലമായി പിടിച്ച് വിവസ്ത്രനാക്കുകയും തുടർന്ന് വീഡിയോ എടുക്കുകയുമായയിരുന്നു. ഒന്നിലധികം തവണ ഇത് ആവർത്തിച്ചതായും പരാതിയിൽ സൂചിപ്പിക്കുന്നു. കുട്ടിയുടെ നഗ്‌നത കലർന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു എന്നാണ് പിതാവ് പാലാ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഇന്നലെ രാത്രിയിലാണ് പിതാവ് പരാതി നൽകിയത്.