'സംസ്ഥാനത്ത് മഴയും മഴക്കെടുതികളും'; കണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചു, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ കണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചു. പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരനാണ് (63) മരിച്ചത്. നേരത്തെ കണ്ണൂരില്‍ വെള്ളക്കെട്ടിൽ വീണ് ഒരു സ്ത്രീ മരിച്ചിരുന്നു. അതേസമയം പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം സംഭവിച്ചു.

ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍റെ മൃതദേഹം രാവിലെ കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് നടന്ന് പോകുമ്പോൾ വെള്ളക്കെട്ടിൽ വീണതാണെന്നാണ് കരുതുന്നത്. അതേസമയം നേരത്തെ കണ്ണൂരില്‍ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചിരുന്നു. മട്ടന്നൂർ കോളാരിയിൽ കുഞ്ഞാമിനയാണ് മരിച്ചത്.

പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. അതിനിടെ തിരുവല്ലയിൽ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. റോഡിൽ മരം വീണ് പലയിടത്തും ഗതാഗത തടസം നേരിട്ടു. പലയിടത്തും മരങ്ങൾ കടപുഴകി വീണു. തൃശ്ശൂർ താണിക്കുടം ക്ഷേത്രത്തിൽ വെള്ളം കയറി. ആലത്തൂർ വെങ്ങന്നിയൂർ പൈപ്പ് ലൈൻ പാലം പൊളിഞ്ഞു വീണു. കോഴിക്കോട് 16 വീടുകൾ ഭാഗികമായി തകർന്നു. പമ്പയിൽ ജലനിരപ്പ് ഉയർന്നു, അരയാഞ്ഞിലിമൺ കോസ് വേ മുങ്ങി. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.

Read more