PBKS VS KKR: ഞങ്ങളെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ, കൂട്ടത്തകര്‍ച്ചാന്നൊക്കെ വച്ചാ ഇതാണ്, ചെറിയ സ്‌കോറില്‍ ഓള്‍ഔട്ടായി പഞ്ചാബ്

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് ബാറ്റിങ് തകര്‍ച്ച. ആദ്യ ബാറ്റിങ്ങില്‍ 15.3 ഓവറില്‍ 111 റണ്‍സിന് പഞ്ചാബിന്റെ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടി ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റുകളോടെ വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നുമാണ് പഞ്ചാബ് ബാറ്റര്‍മാരുടെ നടുവൊടിച്ചത്. നേരത്തെ പവര്‍പ്ലേ ഓവറുകള്‍ കഴിയുംമുന്‍പേ തന്നെ നാല് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും മോശമല്ലാത്ത തുടക്കം നല്‍കിയെങ്കിലും പിന്നീടങ്ങോട് കൂട്ടത്തകര്‍ച്ചയായിരുന്നു നടന്നത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ജോഷ് ഇംഗ്ലിസിനെ ബോള്‍ഡാക്കി വരുണ്‍ ചക്രവര്‍ത്തി ഞെട്ടിച്ചു. തുടര്‍ന്ന് നേഹാല്‍ വധേര, ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങി പഞ്ചാബ് ബാറ്റര്‍മാര്‍ ഓരോന്നായി പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയായിരുന്നു ഉണ്ടായത്. ഒടുവില്‍ 16-ാം ഓവറില്‍ ടീം ഓള്‍ഔട്ടാവുകയായിരുന്നു. കൊല്‍ക്കത്തയ്ക്കായി ബോള്‍ ഏറിഞ്ഞ എല്ലാവര്‍ക്കും ഇന്ന് വിക്കറ്റുണ്ട്. പഞ്ചാബിന്റെ ഹോംഗ്രൗണ്ടായ ചണ്ഡീഗഢിലെ മുല്ലാന്‍പൂര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം.

ഐപിഎല്‍ പോയിന്റ് ടേബിളില്‍ മുകളിലോട്ട് കയറാന്‍ ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു. അന്ന് ആദ്യ ബാറ്റിങ്ങില്‍ കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോര്‍ നേടിയെങ്കിലും ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ച്വറി മികവില്‍ പഞ്ചാബ് വിജയം നേടുകയായിരുന്നു.