ഇന്ത്യയില്‍ ക്രൈസ്തവര്‍ പീഡനങ്ങള്‍ നേരിടുന്നുവെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ്; ഈസ്റ്റര്‍ ആഘോഷിക്കാനാവാത്ത നിര്‍ഭാഗ്യവാന്മാരുണ്ട് ഇവിടെയെന്നും മാര്‍ റാഫേല്‍ തട്ടില്‍

ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ ക്രിസ്‌ത്യാനികൾ പീഡനം അനുഭവിക്കുന്നുണ്ടെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ചക്രവാളങ്ങള്‍ തുറക്കാനുള്ള വാതായനങ്ങളാണു സഹനങ്ങള്‍, എല്ലാ സഹനങ്ങളും പ്രതിസന്ധികളും പോസിറ്റീവ് എനർജിയിലേക്ക് എത്തിച്ചേരുമെന്ന് ബിഷപ് ഓർമിപ്പിച്ചു. പീഡാനുഭവത്തിന്റെ വാരമെന്നാണ് ഈ നാളുകളെ ക്രിസ്ത്യാനികൾ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പീഡനങ്ങളൊക്കെ ക്രൈസ്തവർ ആഘോഷിക്കുന്നവരാണെന്നും മാർ റാഫേൽ പറഞ്ഞു.

ഈസ്റ്റർ ആഘോഷിക്കാൻ പറ്റാത്ത നിർഭാഗ്യവാന്മാരുണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. മണിപ്പുരിൽ ഈസ്റ്റർ പ്രവൃത്തിദിനമാക്കിയതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുരിൽ മാത്രമല്ല ഇന്ത്യയിൽ പലയിടത്തും പ്രശ്‌നങ്ങളുണ്ടെന്നും ക്രൈസ്‌തവന്റെ ഏറ്റവും വലിയ പ്രത്യാശ സഹനങ്ങൾ ഒരിയ്ക്കലും അവസാനമല്ല എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശ്ശൂര്‍ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ നടന്ന പെസഹാദിന ശുശ്രൂഷകള്‍ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കാല്‍കഴുകല്‍ ശുശ്രൂഷയും മേജര്‍ ആര്‍ച്ച് ബിഷപ്പ് നിര്‍വഹിച്ചു. പരിശുദ്ധ കുർബാനയെ ചേർത്തുപിടിക്കാനും അദ്ദേഹം പെസഹാദിന സന്ദേശത്തിൽ പറഞ്ഞു.