റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍; മുട്ടില്‍ മരംമുറിക്കേസില്‍ പിടികൂടിയതിന്റെ പ്രതികാരം തീര്‍ക്കുന്നു; പൊലീസ് ഹൈക്കോടതിയില്‍

മുട്ടില്‍ മരംമുറിക്കേസ് അന്വേഷിച്ചതിന്റെ പ്രതികാരം റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജവാര്‍ത്തകളിലൂടെ തീര്‍ക്കുന്നുവെന്ന് താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി. മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ ചാനല്‍ ഉടമകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരാണ് തരിക്കെതിരായ വ്യാജ പീഡന പരാതിക്ക് പിന്നിലെന്നും അദേഹം ഹൈക്കോടതിയെ അറിയിച്ചു.

പീഡന പരാതിക്ക് പിന്നിലെ ഇവരുടെ സാന്നിധ്യം വ്യക്തമാക്കി കേന്ദ്ര വിവര, വാര്‍ത്താവിതരണ മന്ത്രാലയം, സംസ്ഥാന പൊലീസ് മേധാവി, മലപ്പുറം ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഡിവൈഎസ്പി കോടതിക്ക് മുന്നില്‍ ഹാജരാക്കി. വ്യാജ ആരോപണം തന്റെ വ്യക്തി ജീവിതത്തെയും തൊഴിലിനെയും ബാധിച്ചു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വ്യാജവാര്‍ത്തകള്‍ തയാറാക്കുന്ന ചാനലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വിവര, വാര്‍ത്ത വിതരണ മന്ത്രാലയത്തിനടക്കം പരാതി നല്‍കിയത്.

ജില്ല പൊലീസ് മേധാവിയടക്കമുള്ളവര്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്ന് കാട്ടി പരാതിക്കാരി നല്‍കിയ ഹര്‍ജിയിലാണ് ഡിവൈഎസ്പി നിലപാട് വ്യക്തമാക്കിയത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് പരാതിക്ക് പിന്നിലെന്ന് വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

മുട്ടില്‍ മരം മുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കെ സഹോദരങ്ങളായ ഇവരെ 2021 ജൂലൈ 28ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 65 ദിവസം ജയിലിലായിരുന്നു. അന്നുമുതല്‍ ഇവര്‍ക്ക് തന്നോട് വിരോധമുണ്ട്. 42 കുറ്റപത്രങ്ങളില്‍ ആറെണ്ണം സുല്‍ത്താന്‍ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസന്വേഷണം അവസാന ഘട്ടത്തിലായിരിക്കെ ബാക്കി കുറ്റപത്രം നല്‍കുന്നത് തടയുകയെന്നതാണ് വ്യാജ വാര്‍ത്തക്ക് പിന്നിലെ ലക്ഷ്യം. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളായ മൂന്നുപേരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് വ്യക്തമാക്കുന്ന രേഖകളും കോടതിയില്‍ നല്‍കി.

ഇവര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാങ്ങിയ 2023 മുതല്‍ തനിക്കെതിരായ നീക്കം ശക്തമാണ്. ബലാത്സംഗം സംബന്ധിച്ച വ്യാജവാര്‍ത്ത നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും തയാറായില്ല. മുമ്ബ് പരാതിക്കാരി തനിക്കെതിരെ പരാതിയൊന്നും ഉന്നയിച്ചിട്ടില്ല. ചാനല്‍ ഉടമകള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് രണ്ടുവര്‍ഷത്തിനു ശേഷം തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് സംശയിക്കുന്നു.