പാതയോരത്തെ കൊടിതോരണം; സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചതില്‍ വിമര്‍ശനവുമായി ഹൈക്കോടതി

പാതയോരത്തെ കൊടിതോരണം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍വ്വകക്ഷിയോഗ തീരുമാനത്തെ വിമര്‍ശിച്ച് കോടതി. ഹൈക്കോടതിയുടെ ഉത്തരവ് മറികടക്കാനാണ് സര്‍വ്വകക്ഷിയോഗം വിളിച്ചതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. കോടതി ഉത്തരവ് അനുസരിക്കാതെ അനുമതിക്കായി ആവശ്യപ്പെടുന്നവര്‍ക്ക് കോടതിയില്‍ പറയാന്‍ ധൈര്മില്ലെന്നും കോടതി നിരീക്ഷിച്ചു.

യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ അതിശക്തമായി നിലപാടാണ് ഹൈക്കോടതി സ്വീകരിച്ച് വരുന്നത്. കൊടിതോരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പ്രധാനപ്പെട്ട എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Read more

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമുദായിക സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. സ്വകാര്യ മതിലുകള്‍ കോമ്പൗണ്ടുകള്‍ എന്നിവിടങ്ങളില്‍ ഉടമസ്ഥരുടെ അനുമതിയോടെ ഗതാഗതം ബാധിക്കാതെ കൊടിതോരണങ്ങള്‍ കെട്ടാം, സമ്മേളനങ്ങള്‍ ഉത്സവങ്ങള്‍ എന്നിവയോട് അനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗ തടസമുണ്ടാക്കാതെ താത്കാലികമായി അലങ്കാര പ്രചാരണങ്ങള്‍, എത്ര ദിവസം മുമ്പ് കെട്ടാമെന്നും എപ്പോള്‍ നീക്കാമെന്നുമുള്ള മുന്‍കൂര്‍ അനുമതി തുടങ്ങിയവയാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍. ഇത് യോഗം അംഗീകരിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഈ തീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും.