ജോയിക്കായി റോബോട്ടുകളുമെത്തി; ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയ്ക്കായി റോബോട്ടിനെയിറക്കി പരിശോധിക്കുന്നു

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയി എന്ന ക്രിസ്റ്റഫറിനായി റോബോട്ടിനെ ഇറക്കി പരിശോധിക്കുന്നു. റെയില്‍വേ ട്രാക്കിന് സമീപമുള്ള മാന്‍ഹോളിലൂടെയാണ് നിലവില്‍ പരിശോധന നടത്തുന്നത്. ശനിയാഴ്ച രാവിലെയാണ് തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയെ കാണാതാകുന്നത്.

തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജന്റോബോട്ടിക്‌സിലുള്ള രണ്ട് റോബോട്ടുകളെ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. രാവലെയോടെ ജോയിയും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനത്തിനെത്തിയത്.

തുടര്‍ന്ന് ജോയി തോട്ടില്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെ മഴ കനത്തതോടെയാണ് അപകടമുണ്ടായത്. ജോയി ഒഴുക്കില്‍പ്പെട്ടതോടെ ഒപ്പമുണ്ടായിരുന്നവര്‍ കയറിട്ട് കൊടുത്തെങ്കിലും ജോയിയെ രക്ഷപ്പെടുത്താനായില്ല. ആദ്യഘട്ടത്തില്‍ തോട്ടിലെ മാലിന്യ കൂമ്പാരം രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

Read more

ഫയര്‍ ആന്റ് റെസ്‌ക്യൂവും മുങ്ങല്‍ വിദഗ്ധരും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. സ്‌കൂബ ഡൈവിംഗ് ടീം സ്ഥലത്തെത്തിയെങ്കിലും വെള്ളം കുറവായതിനാല്‍ മുങ്ങി തിരച്ചില്‍ നടത്താന്‍ സാധിച്ചില്ല. മാരായമുട്ടം സ്വദേശിയാണ് അപകടത്തില്‍പ്പെട്ട ജോയിയെന്ന ക്രിസ്റ്റഫര്‍.