റേഡിയോ കോളര്‍ അസമില്‍ നിന്നും എത്തിക്കണം; അരിക്കൊമ്പന്‍ ദൗത്യം ഈസ്റ്ററിന് ശേഷം

അരിക്കൊമ്പന്‍ ദൗത്യം ഈയാഴ്ചയില്ല. ആധുനിക സംവിധാനമുള്ള റേഡിയോ കോളര്‍ വനംവകുപ്പിന്റെ കൈവശമില്ല. നിലവില്‍ ആസാമില്‍ മാത്രമാണ് സാറ്റലൈറ്റ് റേഡിയോ കോളര്‍ ഉള്ളത്. അതിനാല്‍ അസമില്‍നിന്നും റോഡിയോ കോളര്‍ എത്തിക്കേണ്ടതുണ്ട്. ഇതിന് സമയമെടുക്കും. പൊതുഅവധി ദിവസങ്ങളില്‍ ആനയെ പിടികൂടേണ്ടെന്നാണ് ധാരണ. ഈസ്റ്റര്‍ അവധിക്കുശേഷം ദൗത്യം നടപ്പാക്കിയേക്കുമെന്നാണ് സൂചന.

പിടികൂടുന്നത് തിങ്കളാഴ്ചക്ക് ശേഷമായിരിക്കും. അരിക്കൊമ്പന്‍ മിഷനില്‍ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച വിളിച്ചുകൂട്ടും. അതിനു ശേഷമായിരിക്കും നടപടി തുടങ്ങുക. മോക്ഡ്രില്‍ ഉണ്ടാകില്ല. മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുക.

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പിടികൂടുമ്പോള്‍ പടക്കം പൊട്ടിക്കല്‍, സെല്‍ഫി എന്നിവ വേണ്ടെന്നും കോടതി വ്യക്തമാക്കി.

ആനയ്ക്ക് വേണ്ട ഭക്ഷണം പറമ്പിക്കുളത്തുണ്ടെന്നും ആറുമണിക്കൂര്‍ കൊണ്ട് മൂന്നാറില്‍ നിന്നും പറമ്പിക്കുളത്തേക്ക് ആനയെ എത്തിക്കാനാകുമെന്നും വിദഗ്ധ സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തിരുമാനിക്കുമെന്ന നിലപാടാ്ണ് സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് വേണ്ടെതെന്ന നിലപാട് ഹൈക്കോടതിയെടുത്തത്.