സജീവ രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തി , പുറത്താക്കല്‍ പ്രതീക്ഷിച്ചിരുന്നു; തുറന്നുപറഞ്ഞ് എസ്. രാജേന്ദ്രന്‍

തനിക്കെതിരെ നീങ്ങിയത് മൂന്നാറിലെ പ്രാദേശിക നേതാക്കളെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. സജീവരാഷ്ട്രീയം നിര്‍ത്തിയെന്നും ഇത്തരമൊരു പുറത്താക്കല്‍ നടപടി താന്‍ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ അവസരം തട്ടിയെടുക്കാന്‍ താനില്ലെന്ന് പറഞ്ഞ അദ്ദേഹം മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനാല്‍ എസ് രാജേന്ദ്രനെ പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരാതിയെത്തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത കാണിച്ചില്ല, പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു, ജാതിയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നോക്കി തുടങ്ങിയവയാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഒരു വര്‍ഷത്തേക്ക് രാജേന്ദ്രനെ പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.