ഉടുമ്പചോല എംഎല്‍എ എം.എം മണിയ്ക്കും ദേശിക നേതാവ് കെ.വി ശശിക്കുമെതിരെ ഗുരുതര ആരോപണവുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. മണര്‍കാട് പാപ്പന്‍റെ റിസോര്‍ട്ട് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് 29 കോടിയ്ക്ക് വാങ്ങിയെന്നാണ് രാജന്ദ്രേന്റെ ആരോപണം. എംഎം മണിയും കെവി ശശിയും ചേര്‍ന്നാണ് ഇടപാടുറപ്പിച്ചതെന്നും കോടികളുടെ ഇടപാട് സഹകരണ വകുപ്പിന്റെ അനുമതിയോടെയാണോ എന്നന്വേഷിക്കണമെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
എംഎം മണി ഉള്ള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. തന്നെ പുറത്താക്കാന്‍ നേതൃത്വം കൊടുത്തത് എംഎം മണിയാണ്. പാര്‍ട്ടിയുടെ നേതാക്കളുടെ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും എംഎം മണി ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്റെ കൂടെ നില്‍ക്കുന്ന ആളുകളെ കള്ളക്കേസില്‍ കൊടുക്കാന്‍ സിപിഎം പ്രാദേശിക ഘടകം ശ്രമിക്കുന്നു. പലരെയും കള്ളക്കേസില്‍ കുടുക്കി അകത്താക്കുന്ന സാഹചര്യമുണ്ടായി. ഇതെല്ലാം ജില്ലാ ഘടകത്തിന്റെ കൂടി നേതൃത്വത്തോടെയാണ്. കെ വി ശശിയാണ് ഇതിനെല്ലാം പിന്നില്‍.
Read more
പാര്‍ട്ടി പുറത്താക്കിയാലും സിപിഎം വിടുന്നില്ല. സിപിഎം വിടുന്നുവെന്ന പ്രചരണം തെറ്റാണ്. മറ്റു പല പാര്‍ട്ടികളില്‍ നിന്നും ക്ഷണം ഉണ്ടായി. ഇപ്പോള്‍ അതൊന്നും സ്വീകരിക്കുന്നില്ല. മെമ്പര്‍ഷിപ്പിനായി സംസ്ഥാന കമ്മിറ്റിയെ സമീപിക്കില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.