പമ്പയിലും സന്നിധാനത്തും സമരങ്ങൾ വിലക്കി ഹൈക്കോടതി. ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണെന്നും അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സമരങ്ങള്‍ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡോളി ജീവനക്കാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടതെന്ന് കോടതി ചൂണ്ടികാട്ടി. അതേസമയം ഇന്നലെ അർദ്ധരാത്രി മുതൽ ഉച്ചവരെ ഡോളി തൊഴിലാളികൾ നടത്തിയ സമരത്തിൽ റിപ്പോർട്ട് നൽകാൻ ചീഫ് പൊലീസ് കോർഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി.
ശബരിമലയില്‍ പ്രീപെയ്ഡ് ഡോളി സര്‍വ്വീസ് തുടങ്ങിയതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ 11 മണിക്കൂര്‍ പണി മുടക്കിയിരുന്നു. തുടര്‍ന്ന്, ശബരിമല എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള ഡോളി സർവീസ് പ്രീപെയ്ഡ് ആക്കുന്നതിനുള്ള ചർച്ചകൾ ദേവസ്വം ബോർഡ് തുടങ്ങിയത്. ഒരു വശത്തേക്ക് ചുരുങ്ങിയത് 3250 രൂപ എന്ന നിരക്കിൽ ആയിരുന്നു ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ ഏകപക്ഷീയമായ തീരുമാനം എന്ന് ആരോപിച്ചാണ് ഡോളി സർവീസുകാർ പണിമുടക്കിയത്.